അഞ്ചരക്കണ്ടി മെഡി. കോളജ് പ്രിൻസിപ്പലിനെയും മാനേജരെയും കോടതിയിൽ അറസ്റ്റ് ചെയ്തു
text_fieldsകൊച്ചി: പൊലീസിെൻറ അറസ്റ്റിന് വഴങ്ങാതിരുന്ന കണ്ണൂർ അഞ്ചരക്കണ്ടി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെയും മാനേജരെയും കോടതിയിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി. മെഡിക്കൽ കോളജിൽ പി.ജി ക്ലാസുകൾ പുനരാരംഭിക്കണമെന്ന നിർദേശം പാലിച്ചില്ലെന്ന് കാട്ടി ഇരുവരെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജസ്റ്റിസ് പി.വി. ആശ കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. കേസ് പരിഗണിക്കവേ ഇവർ കോടതിയിൽ ഉണ്ടായിരുന്നില്ല.
പിന്നീട് ഇവർ കോടതിയിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യാൻ സിംഗിൾ ബെഞ്ച് നിർദേശിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തശേഷം പ്രിൻസിപ്പൽ ഡോ. വിദ്യാധർ റാവു, മാനേജിങ് ഡയറക്ടറുടെ ചുമതലയുള്ള ഡോ. അദ്നാൻ എന്നിവർക്ക് ജാമ്യം നൽകിയ കോടതി, ഹരജിയിലെ ആരോപണങ്ങളിൽ നേരിട്ട് വിശദീകരണവും തേടി.മെഡിക്കൽ കോളജിലെ പി.ജി ക്ലാസുകൾ ആരംഭിക്കുന്നില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി ഡോ. ആൻസി, ഡോ. അമിത് കുമാർ തുടങ്ങി 12 പി.ജി വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. മെഡിക്കൽ കോളജിനോടു ചേർന്ന് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നും കോവിഡ് ചികിത്സ കേന്ദ്രം മാത്രമാണുള്ളതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് ഇതര ചികിത്സകൾക്കായി ആശുപത്രി പ്രവർത്തനം തുടങ്ങാൻ കോടതി നിർദേശിച്ചിരുന്നു. ആശുപത്രി പ്രവർത്തനം തുടങ്ങാത്തതിനാൽ ക്ലാസുകൾ നടക്കുന്നില്ലെന്നാണ് ഹരജിക്കാരുടെ പരാതി.
കോഴ്സ് ആരംഭിച്ച് ആറു മാസം കഴിഞ്ഞിട്ടും ക്ലാസ് തുടങ്ങാത്ത സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഹൈകോടതി നവംബർ രണ്ടിന് നിർദേശിച്ചിരുന്നു. തുടങ്ങാത്തപക്ഷം നവംബർ അഞ്ചിന് മാനേജരും പ്രിൻസിപ്പലും ഹാജരായി വിശദീകരണം നൽകാനും ഉത്തരവിട്ടു. എന്നാൽ, ഇതു പാലിച്ചില്ല.
ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ അപേക്ഷയും നൽകിയില്ല. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പിറ്റേ ദിവസം ഉത്തരവിട്ടത്.
ക്ലാസ് തുടങ്ങാത്തത് രൂക്ഷമായ കോവിഡ് മൂലമാണെന്നായിരുന്നു ഇവരുടെ മറുപടി.
എന്നാൽ, നേരിട്ട് കോടതിയിൽ ഹാജരായിരുന്ന കലക്ടർ ടി.വി സുഭാഷ്, മെഡിക്കൽ കോളജിലെ ക്ലാസുകൾ മുടങ്ങാത്ത തരത്തിലുള്ള നടപടി ശിപാർശ ചെയ്തു. ഇക്കാര്യത്തിലും അധ്യാപക, അനധ്യാപക ജീവനക്കാരടക്കം പഠന സൗകര്യങ്ങളും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം രേഖാമൂലം കലക്ടർക്ക് കൈമാറാൻ കോടതി നിർദേശിച്ചു. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.