സുഗമവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം വേണമെന്ന് കലക്ടര്‍
text_fieldsകൊച്ചി: സുഗമവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണമുണ്ടാകണമെന്ന് കൊച്ചി കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിശദീകരിക്കുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടം സംബന്ധിച്ചും കലക്ടര്‍ വിശദീകരിച്ചു.
പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും 85 വയസിനു മുകളില്‍ പ്രായമുളളവര്‍ക്കുമായി വോട്ട് ഫ്രം ഹോം സംവിധാനമൊരുക്കിയിട്ടുണ്ട്. വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന സംവിധാനമാണിത്. ബി.എൽ.ഒമാര്‍ മുഖേനയാണ് ഫോമുകള്‍ വിതരണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി അഞ്ച് ദിവസത്തിനകം വോട്ട് ഫ്രം ഹോം വഴി വോട്ട് ചെയ്യാന്‍ താത്പര്യമുള്ള ഭിന്നശേഷി വോട്ടര്‍മാരും 85 വയസിനു മുകളില്‍ പ്രായമുളള വോട്ടര്‍മാരും അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. ഇവര്‍ക്ക് പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിലുളള പോളിങ് ടീം വീട്ടിലെത്തി പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യിക്കും.
എല്ലാ പോളിങ് ബൂത്തുകളിലും റാമ്പ് ഉള്‍പ്പടെയുളള മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഒരു ബൂത്തില്‍ 1500 ലധികം വോട്ടര്‍മാരുണ്ടെങ്കില്‍ ഓക്‌സിലറി ബൂത്ത് സജ്ജമാക്കും. ഇത്തരത്തില്‍ എട്ട് ബൂത്തുകളാണ് ജില്ലയില്‍ നിലവില്‍ കണ്ടെത്തിയിട്ടുള്ളത്.
പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ സി വിജില്‍ ആപ്പ് വഴി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇപ്പോഴുള്ള ബോര്‍ഡുകള്‍ നീക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുവാദത്തോടെ മാത്രമേ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനാകൂ.
രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍, അനൗണ്‍മെന്റ് അനുമതി, വാഹന പെര്‍മിറ്റ്, ഗ്രൗണ്ട് ബുക്കിംഗ് തുടങ്ങിയവക്ക് സുവിധ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. സുവിധ പോര്‍ട്ടലില്‍ നിന്നു ലഭിച്ച അനുമതി അടിസ്ഥാനത്തില്‍ മാത്രമേ പൊതുപരിപാടികള്‍ക്ക് പോലീസ് അനുമതി ലഭിക്കൂ.
മാതൃകാ പെരുമാറ്റച്ചട്ടം കൃതൃമായി പാലിക്കണം. ടെന്‍ഡര്‍ നല്‍കി വര്‍ക്ക് തുടങ്ങാത്ത പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇനി നടത്താന്‍ പാടില്ല. അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ പ്രത്യേക അനുമതി പ്രകാരം മാത്രം നടത്താം. ഇതിനായി നിര്‍വഹണ ഉദ്യോഗസ്ഥന്‍ പ്രത്യേകം അപേക്ഷിച്ചാല്‍ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കും.
മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി എറണാകുളം ജില്ലക്ക് രണ്ട് വരണാധികാരികളാണ് ഈ തവണയുള്ളത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ വരണാധികാരി കലക്ടറും ചാലക്കുടി മണ്ഡലത്തിന്റെ വരണാധികാരി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ വികസന കമീഷണര്‍ എം.എസ്. മാധവിക്കുട്ടി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജെ. മോബി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

