കളക്ഷൻ ലക്ഷ്യം ഒമ്പത് കോടി; ഇന്ന് ആഞ്ഞുപിടിക്കാനുറച്ച് കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: അവധി ദിവസങ്ങൾ കഴിഞ്ഞുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച കളക്ഷൻ ഒമ്പത് കോടിയിലെത്തിക്കാൻ കെ.എസ്.ആർ.ടി.സിയിൽ തീവ്രശ്രമം. മുഴുവൻ ജീവനക്കാരെയും തിങ്കളാഴ്ച ഡ്യൂട്ടിയിൽ വിന്യസിക്കാനും 5000 സർവിസുകളും ഓപറേറ്റ് ചെയ്യാനും മാനേജ്മെന്റ് മേഖലകൾക്കും യൂനിറ്റുകൾക്കും നിർദേശം നൽകി. എല്ലാ ജീവനക്കാരും ഡ്യൂട്ടിയിലുണ്ടെന്ന് യൂനിറ്റ് അധികാരികൾ ഉറപ്പുവരുത്തണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. മെഡിക്കൽ ലീവ് അല്ലാത്ത മറ്റൊരു ലീവും അനുവദിക്കാൻ പാടില്ല. മുഴുവൻ വാഹനങ്ങളും സർവിസ് നടത്തുന്നതിന് ആവശ്യമെങ്കിൽ ഡ്യൂട്ടി സറണ്ടർ അനുവദിക്കാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.
ഞായറാഴ്ചയിലെ കണക്കുപ്രകാരം 558 ബസുകളാണ് സർവിസിനിറക്കാതെ വിവിധ ഡിപ്പോകളിലുള്ളത്. ഇവയും റൂട്ടിൽ വിന്യസിക്കും. കളക്ഷൻ വർധിപ്പിക്കുന്നതിന് ഓരോ യൂനിറ്റും പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കളക്ഷൻ വർധിപ്പിച്ച് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുത്തലാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സിയിൽ ഒരു മാസം 250 കോടി രൂപക്ക് മേൽ ചെലവുണ്ടെന്നാണ് മാനേജ്മെൻറ് പറയുന്നത്. ശമ്പള പരിഷ്കരണത്തോടെ ശമ്പള ഇനത്തിലെ ചെലവ് 62.01 കോടിയിൽനിന്ന് 82 കോടിയായി. ചെലവ് ചുരുക്കി വരുമാനം വർധിപ്പിച്ചുകൊണ്ടേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂവെന്ന് മാനേജ്മെന്റിന് ബോധ്യമുണ്ടെങ്കിലും ഇത് എങ്ങനെയെന്നതിൽ മാത്രം വ്യക്തതയില്ല. കോവിഡിന് മുമ്പ് 4400 ബസുകൾ ഓപറേറ്റ് ചെയ്ത സ്ഥാനത്ത് ഇപ്പോൾ 3400-3500 ബസുകളാണ് നിരത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

