ക്ഷണിച്ചിട്ടാണ് ഘടകകക്ഷികൾ ചർച്ചക്ക് പോയത്, ഹസൻ പറയുന്നത് കേട്ടാൽ ലീഗ് തിടുക്കപ്പെട്ട് ഇടപെട്ടത് പോലെതോന്നും -എൻ.കെ പ്രേമചന്ദ്രൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എം.എം ഹസന്റെ പരാമർശത്തെ രൂക്ഷമായി വമർശിച്ച് ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രി തീരുമാനക്കിൽ ഘടകകക്ഷികൾ ആരും പരസ്യ നിലപാട് സ്വീകരിച്ചില്ല. ഹസൻ പറയുന്നത് കേട്ടാൽ ലീഗ് തിടുക്കപ്പെട്ട് കോൺഗ്രസ് വിഷയത്തിൽ ഇടപെട്ടത് പോലെതോന്നും. ഹൈക്കമാൻഡ് ക്ഷണിച്ചിട്ടാണ് പാണക്കാട് തങ്ങൾ നിലപാട് വ്യക്തമാക്കിയത്. വെറുതേ കയറി ചെന്ന് പറഞ്ഞതല്ലെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ ക്ഷണിച്ചതനുസരിച്ചാണ് ആർ.എസ്.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചക്ക് പോയതും നിലപാടുകൾ അറിയിച്ചതും. അല്ലാതെ സ്വമേധയാ കയറിച്ചെന്ന് അഭിപ്രായം പറയുകയായിരുന്നില്ല. ആർ.എസ്.പി കാഴ്ചപ്പാട് കേന്ദ്ര നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേകമായി ഒരു പേരും തങ്ങൾ നിർദേശിച്ചിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാത്രമാണ് വിശദീകരിച്ചത്.
മുന്നണി മര്യാദ അനുസരിച്ച് കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് നേതാവിനെയും മുഖ്യമന്ത്രിയായി അംഗീകരിക്കാൻ ആർ.എസ്.പി തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'എ, ബി, സി എന്നല്ല, ഡി എന്നൊരാളെയാണ് കൊണ്ടുവരുന്നതെങ്കിലും മുന്നണി മര്യാദ പാലിച്ച് ഞങ്ങൾ അംഗീകരിക്കും'. ഘടകകക്ഷികളോട് അഭിപ്രായം തേടിയ സ്ഥിതിക്ക് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമ്പോൾ അത് കൂടി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായും, എത്രയും വേഗം നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ച് അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
വിജയത്തിന് പിന്നാലെ മുന്നണി നടത്തേണ്ടിയിരുന്ന തിളക്കമാർന്ന 'ടേക്ക് ഓഫിന്' നിലവിലെ തർക്കങ്ങൾ തടസമായിരിക്കുകയാണ്. എൽഡിഎഫിന്റെ കനത്ത പരാജയത്തിന്റെ കാരണങ്ങളും സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയും സജീവമായി ചർച്ച ചെയ്യപ്പെടേണ്ട സമയമാണിത്. എന്നാൽ ആ അവസരം ഉപയോഗപ്പെടുത്തുന്നതിന് പകരം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങളും വിഭാഗീയതയും ആരോപണ പ്രത്യാരോപണങ്ങളും യു.ഡി.എഫിന്റെ വിജയശോഭ കെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യം മുന്നണിയുടെ ഭാവി പ്രയാണത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം നിർഭാഗ്യകരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ. 102 സീറ്റുകൾ നൽകി മുന്നണിയെ വിജയിപ്പിച്ച വോട്ടർമാർ ഇപ്പോൾ ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റിട്ടും കേരളത്തിൽ ഈ തീരുമാനം നീണ്ടുപോകുന്നത് രാഷ്ട്രീയമായി യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണപരമായ പ്രതിസന്ധിയേക്കാൾ മുന്നണിയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വമാണ് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

