തിരുവനന്തപുരം: എം.സി കമറുദ്ദീന്‍ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീഗ് എം.എൽ.എയോട് സഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫാഷൻ ഗോൾഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയിൽ പരാമർശിച്ചതിനാണ് മുസ്ലിം ലീഗ് എം.എല്‍.എ എൻ ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
കുറ്റവാളികളെ പരസ്യമായി സംരക്ഷിക്കരുതെന്നും ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നനാണം വേണ്ടേയെന്നും പിണറായി ചോദിച്ചു.
''കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത് അത് ബിസിനസ് തകർന്നതാണ് പോലും. ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത്''. അതിൽ നാണം വേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
തുടർന്ന് പ്രതിപക്ഷം ബഹളം വെച്ചു. ഇതോടെ ഇത്തരം പ്രയോഗങ്ങളിൽ ചൂടായില്ലെങ്കിൽ മറ്റെന്തിലാണ് ചൂടാകുകയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. പരസ്യമായി തട്ടിപ്പ് നടന്നിട്ട് നമ്മുടെ സഭയിലെ ഒരംഗം അതിനെ ന്യായീകരിക്കുകയെന്നാൽ അതിന്‍റെ അർഥമെന്താണെന്നും പിണറായി ചോദിച്ചു.