Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികൾ പാടിയത്...

കുട്ടികൾ പാടിയത് ദേശഭക്തി ഗാനം, നടപടിയെക്കുറിച്ച് പേടിയില്ല, നിയമപരമായി നേരിടും - ഗണഗീതം വിവാദത്തിൽ പ്രിൻസിപ്പൽ

text_fields
bookmark_border
vande bharath ganageetham
cancel

കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ വിദ്യാർഥികള്‍ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എളമക്കര സരസ്വതി വിദ്യാനികേതന്‍ പ്രിൻസിപ്പൽ ഡിന്റോ. കുട്ടികള്‍ പാടിയത് ദേശഭക്തിഗാനമാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

സ്‌കൂളിനെതിരെ നടപടിയുണ്ടാകുമെന്ന് പറഞ്ഞാൽ ഭയപ്പെടില്ല. ഇതിന്റെ പേരിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായാൽ നിയമപരമായി തന്നെ നേരിടുമെന്നും പ്രിൻസിപ്പൽ പറഞ്ഞു

ഒരു മീഡിയയുടെ ആവശ്യപ്രകാരമാണ് കുട്ടികള്‍ പാടിയത്. ആദ്യം പാടിയത് വന്ദേ മാതരമാണ്. പിന്നീട് മലയാളം പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴാണ് ഗണഗീതം ആലപിക്കുന്നത്. ഗണഗീതത്തില്‍ എവിടെയാണ് ദേശവിരുദ്ധതയുള്ളത്. നമ്മളെല്ലാം ഒറ്റമനസ്സായി നില്‍ക്കണം എന്നാണ് സന്ദേശം-പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വന്ദേഭാരത് എക്സ്പ്രസിൽ സ്കൂൾ വിദ്യാർഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ കേരള സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് നിർദേശം നൽകിയത്.

സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാറിനുണ്ടെന്നും അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

ശനിയാഴ്ച എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ ഉദ്ഘാടന സർവീസിനിടെയാണ് വിദ്യാർഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.

ശനിയാഴ്ച എറണാകുളം -ബംഗളൂരു വന്ദേഭാരത്​ ട്രെയിനിന്‍റെ ഉദ്​ഘാടന യാത്രക്കിടയാണ്​ ആർ.എസ്​.എസ്​ ഗണഗീതം പാടിയത്. ആദ്യ യാത്രയിൽ പ​​ങ്കെടുത്ത സ്കൂൾ വിദ്യാർഥികളെ കൊണ്ടാണ്​ ഗണഗീതം പാടിച്ചത്​. ഇതിന്‍റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ സമൂഹമാധ്യമത്തിൽ പങ്ക്​ വെച്ചു. പിന്നീട്​ വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ്​​ നീക്കി.

ദേശഭക്​തിഗാനം എന്ന പേരിലാണ്​ വിദ്യാർഥികളെ ഒരുമിച്ച്​ നിർത്തി ഗണഗീതം പാടിച്ചത്​. ‘ഉദ്ഘാടന സ്പെഷല്‍ എറണാകുളം -കെ.എസ്.ആര്‍ -ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസില്‍ ആനന്ദത്തിന്റെ സംഗീതം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ച്​ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കോച്ചുകൾ ദേശഭക്തി ഗാനങ്ങൾ കൊണ്ട്​ മുഖരിതമാക്കി’ -വിഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ കുറിച്ചു.

സംഭവം വിവാദമായതോടെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. വന്ദേഭാരത് സർവിസ് ഉദ്ഘാടനത്തിനിടെ വിദ്യാർഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർ.എസ്.എസിന്റെ ഗാനം സർക്കാറിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടന തത്വങ്ങളുടെ ലംഘനമാണ്. പൊതുമേഖല സ്ഥാപനമായ റെയിൽവേയെപ്പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘ്പരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

ദേശഭക്തിഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർ.എസ്.എസ്​ അജണ്ടക്ക്​ കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് ഉദ്ഘാടന ചടങ്ങിൽ കണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞ്​ പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥികളെ കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിച്ചത് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ദൃശ്യങ്ങള്‍ ദക്ഷിണ റെയിൽവേ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു പോലെ ഇന്ത്യന്‍ റെയിൽവേയെയും കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ പ്രചാരണത്തിന്​ ഉപയോഗിക്കുകയാണ്. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘ്പരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സര്‍വിസ് ഉദ്ഘാടനത്തിലും കണ്ടത്. സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ശ്രമത്തെ കേരള സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് സതീശൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legal actionVande Bharathpatriotic song
News Summary - The children sang a patriotic song, not afraid of action, will face legal action - Principal on the Gana Geetham controversy
Next Story