ബാലാവകാശ കമീഷൻ അൻവിതയുടെ വീട് സന്ദർശിച്ചു
text_fieldsപാനൂർ: കുഞ്ഞുങ്ങൾ കുടുംബപ്രശ്നങ്ങളുടെ ഇരകളായിമാറുന്നത് വലിയ സാമൂഹിക പ്രശ്നമാണെന്നും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ. പത്തായക്കുന്നിൽ പിതാവ് പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസ്സുകാരി അൻവിതയുടെ അമ്മ സോനയെ വീട്ടിലെത്തി ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യങ്ങൾ സാമൂഹികപ്രശ്നമായിക്കണ്ട് അത് പരിഹരിക്കാനുള്ള ശ്രമം കമീഷെൻറ ഭാഗത്തുനിന്നുണ്ടാകും. ഇപ്പോൾ സമൂഹത്തിൽ മനസ്സുതുറക്കാത്ത കുറേ കുറ്റവാളികളെ കാണുന്നുണ്ട്. നമുക്കവരെ കണ്ടെത്താനാകുന്നില്ല. സാമൂഹിക ബന്ധങ്ങൾ ഇല്ലാത്തതിെൻറ പ്രശ്നമാണിതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹശേഷമുള്ള സംഭവങ്ങളൊക്കെ സോന കമീഷൻ ചെയർമാനോട് വിശദീകരിച്ചു. സോനയുടെ വൈവാഹിക ജീവിതത്തിൽ പ്രശ്നങ്ങളെന്ന് പറയാവുന്നത് ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ളത് മാത്രമാണ്. അതിനപ്പുറം ഇവർ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും എന്താണ് കൊലക്ക് പിന്നിലെ കാരണമെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
കല്യാണം കഴിഞ്ഞ് ഏറെക്കഴിയും മുമ്പുതന്നെ സോനയുടെ സ്വർണം ഭൂരിഭാഗവും വിറ്റും പണയംവെച്ചും ഭർത്താവ് കെ.പി. ഷിജു ചെലവഴിച്ചിരുന്നു. സ്ഥിരമായി ആയിരക്കണക്കിന് രൂപയുടെ ലോട്ടറിയെടുക്കുന്ന ശീലം ഷിജുവിനുണ്ടായിരുന്നുവെന്നും ഭാഗ്യത്തിൽ വിശ്വസിക്കുന്ന ആളായിരുന്നുവെന്നും സോന കമീഷനോട് വെളിപ്പെടുത്തി. പണമിടപാട് പ്രശ്നത്തിൽ ഒരു കുഞ്ഞിനെ കൊല്ലാൻ മാത്രമുള്ള കാരണമുണ്ടോയെന്നത് പരിശോധിക്കേണ്ടതാണെന്നും അത് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും ചെയർമാൻ പറഞ്ഞു.
കതിരൂർ എസ്.ഐ വി. സതീശൻ, പൊലീസുകാരായ കെ. ബിജു, കെ. രജീഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.പി. ഷിജു റിമാൻഡിലാണ്. തെളിവെടുപ്പ് നടത്തുന്നതിനായി ഇയാളെ കസ്റ്റഡിയിലാവശ്യപ്പെട്ട് അടുത്തദിവസം പൊലീസ് കോടതിയിൽ അപേക്ഷ നൽകും.