മുഖ്യമന്ത്രി നാളെ വയനാട്ടിലേക്ക്, ദുരന്തമേഖല സന്ദർശിക്കും
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിൽ ദുരത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ബുധനാഴ്ച ദുരന്ത പ്രദേശമായ കള്ളാടി സന്ദർശിക്കും.
രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചക്ക് ഒരു മണിയോടെ ദുരന്തമേഖലയിലെത്തും. കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലവും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും വിലയിരുത്തും. കൂടാതെ പരിക്കേറ്റവവരെയും മുഖ്യമന്ത്രി കാണും. കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതക്കായി തുരക്കാനിരിക്കുന്ന മീനാക്ഷിമലയുടെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപ്പറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മരിച്ചത്.
അഞ്ചു തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായി വൈകിയും തെരച്ചിൽ നടകുകയാണ്. മേപ്പാടിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ചൂരൽമല റോഡിലെ മീനാക്ഷിയിൽ ചൊവ്വാഴ്ച രാവിലെ 11.10ഓടെയാണ് അപകടം. തുരങ്കപാതയുടെ വയനാടിന്റെ തുടക്കഭാഗമായ മീനാക്ഷിയിലെ മലയിൽ തുരങ്കം നിർമിക്കാനായുള്ള മണ്ണ് നീക്കുന്ന പ്രവൃത്തികളാണ് നടന്നുവന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിക്കാണ് നിർമ്മാണച്ചുമതല. ശക്തമായ മഴയെ തുടര്‍ന്ന് നിര്‍മാണപ്രവൃത്തികൾ അഞ്ചുദിവസമായി നിര്‍ത്തിവെച്ചിരുന്നു.
മല ഇടിക്കുന്ന മണ്ണ് ഇതിനടുത്ത് ഭീമൻ കൂമ്പാരമായി നിക്ഷേപിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ഈ മണ്ണ് റോഡിലേക്ക് വീണിരുന്നു. ഇത് മാറ്റാനും മറ്റുമുള്ള പണികൾക്കായി പ്രദേശത്ത് 25ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
ഇടിഞ്ഞത് 100 മീറ്റർ ഉയരത്തിൽനിന്ന്
മേപ്പാടി (വയനാട്): തുരങ്കം നിർമിക്കാൻ ലക്ഷ്യമിടുന്ന ഭാഗത്തിന് തൊട്ടടുത്ത് മലയുടെ ഭാഗം പൊടുന്നനെ 100 മീറ്ററോളം ഉയരത്തിൽനിന്ന് ഇടിയുകയായിരുന്നു. ഇത് കുത്തിയൊലിച്ച് ഉഗ്രശബ്ദത്തോടെ താഴെ കൂട്ടിയിട്ടിരുന്ന മൺകൂമ്പാരത്തിനൊപ്പം ചൂരൽമല റോഡിൽ പാലത്തിന് മുകളിലേക്ക് വീഴുകയും റോഡടക്കം പൂർണമായും മൂടിപ്പോവുകയുമായിരുന്നു. തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു. പാലത്തിന് സമീപത്തെ നിസ്കാരപള്ളി പൂര്‍ണമായും മണ്ണിനൊപ്പം ഒലിച്ചുപോയി. സമീപത്തെ പുളിക്കലത്ത് അഷ്റഫിന്റെ വീടും ഭാഗികമായി തകര്‍ന്നു.
അഷ്റഫും ഭാര്യയും തിങ്കളാഴ്ചയാണ് ഉംറക്ക് പോയത്. ഇദ്ദേഹത്തിന്റെ മകളും കുടുംബവും ഇവിടെയുണ്ടായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മണ്ണ് കുത്തിയൊലിച്ചെത്തിയപ്പോള്‍ സമീപത്തെ ബസും കണ്ടെയ്നര്‍ ലോറിയും മണ്ണിനൊപ്പം ഒലിച്ചു പോയി. ബസ് കള്ളാടി പുഴയിലേക്ക് മറിഞ്ഞു. കണ്ടെയ്നര്‍ ലോറി മണ്ണിനൊപ്പം റോഡിലൂടെ തന്നെ ഒഴുകി നീങ്ങി. ഇതിന് മുന്നില്‍ പ്രാണരക്ഷാര്‍ഥം ഓടിയ നാട്ടുകാരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

