വ്യാവസായിക മുന്നേറ്റം ഉറപ്പുവരുത്താനുള്ള സർക്കാർ ഇടപെടലുകൾ ഫലം കാണുന്നുവെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: വ്യവസായിക മുന്നേറ്റം ഉറപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഫലം കാണുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിനു കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ കാക്കനാട് നിർമിച്ച ഇൻ്റർനാഷണൽ എക്സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായ രംഗം നേരിടുന്ന ചില പ്രശ്നങ്ങളുണ്ട്. വ്യവസായങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്ന കാര്യത്തിലെ പരിമിതിയെ പൂര്‍ണമായും മറികടക്കാന്‍ കഴിയില്ല. കാരണം, ഭൂ വിസ്തൃതിയുടെ 30 ശതമാനത്തോളം വനാവരണവും അത്രതന്നെ നീര്‍ത്തടങ്ങളും ഉള്ള ഒരു സംസ്ഥാനമാണ് നമ്മുടേത്. ബാക്കി ഭൂമി വേണം എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍. അതുകൊണ്ട് നാടിന് അനുഗുണമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചുവേണം നമുക്കു മൂന്നോട്ടുപോകാന്‍.
അതിനുതകുന്ന രീതിയില്‍ ഉത്തരവാദിത്തമുള്ള വ്യാവസായിക അന്തരീക്ഷവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള വ്യവസായ നയം രൂപീകരിച്ചത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരമ്പരാഗത വ്യവസായങ്ങളെ നവീകരിക്കാനും ഇതുവഴി ലക്ഷ്യമിട്ടിട്ടുണ്ട്. മുന്‍ഗണനാ മേഖലകളെ അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍ക്കരണം പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടിരിക്കുകയാണ് നമ്മള്‍.
സമീപ ഭാവിയില്‍ പ്രാധാന്യം കൈവരുന്ന വ്യവസായങ്ങള്‍ക്ക്, അഥവാ സണ്‍റൈസ് വ്യവസായങ്ങള്‍ക്ക്, ധാരാളം ആനുകൂല്യങ്ങള്‍ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 കോടി രൂപ വരെയുള്ള സ്ഥിരം മൂലധനത്തിന് 10 ശതമാനം സബ്‌സിഡി അനുവദിച്ചിട്ടുണ്ട്.
നിര്‍മ്മിതബുദ്ധി, ഡാറ്റാമൈനിംഗ് എന്നിവയില്‍ ഉയര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്ക് ചെലവാക്കുന്ന തുകയുടെ 20 ശതമാനം തിരികെ നല്‍കും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് വൈദ്യുതി നികുതി ഇളവ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വ്യവസായ പാര്‍ക്കുകളിലും അംഗീകൃത സ്വകാര്യ വ്യവസായ പാര്‍ക്കുകളിലും രജിസ്‌ട്രേഷന്‍ ചാര്‍ജ് പൂര്‍ണമായും ഇളവു നല്‍കുകയാണ്. സ്ത്രീകള്‍, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ രജിസ്‌ട്രേഷന്‍ ചാര്‍ജുകളിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും പൂര്‍ണ്ണമായും ഇളവു നല്‍കുകയാണ്.
കേരളത്തില്‍ നിക്ഷേപം നടത്താന്‍ വരുമ്പോള്‍ ഇവിടം വ്യവസായ സൗഹൃദമല്ല എന്ന് ധരിപ്പിക്കാന്‍ ചില ആളുകള്‍ക്ക് പ്രത്യേക ഉത്സാഹമാണ്. കുറച്ചുനാള്‍ മുമ്പാണ് ആഗോള പ്രശസ്ത കമ്പനിയായ ടോറസ്സിന്റെ സംരംഭം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആ സംരംഭത്തെ മുടക്കാനും അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കാനും ചിലര്‍ കിണഞ്ഞ് പരിശ്രമിച്ചു. എന്തായാലും അത്തരം ശ്രമങ്ങളൊന്നും വിലപ്പോയില്ല.
പൊതുമേഖല വ്യവസായങ്ങളെ നവീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കിവരികയാണ്. ഇതിനായി ഈ സാമ്പത്തികവര്‍ഷം 270 കോടി രൂപയാണ് ചെലവഴിച്ചത്. അതോടൊപ്പം തന്നെ അവിടങ്ങളിലെ ഓഡിറ്റിംഗ് സംവിധാനങ്ങളും ശക്തമാക്കുകയാണ്. ഓരോ കമ്പനികള്‍ക്കും പ്രത്യേകം മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കിവരികയാണ്. ഇത്തരം ഇടപെടലുകളുടെ ഗുണഫലങ്ങളെ ലോകസമക്ഷം അവതരിപ്പിക്കാനും വ്യവസായ രംഗത്തെ പുത്തന്‍ മുന്നേറ്റങ്ങളെ നമ്മുടെ സമ്പദ്ഘടനയിലേക്ക് ഉള്‍ച്ചേര്‍ക്കാനും ഉതകുന്ന ചുവടുവെയ്പ്പാകും ഈ എക്‌സിബിഷന്‍ സെന്റര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്സിബിഷൻ സെൻ്റർ നിർമാണത്തിന് നേതൃത്വം നൽകിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എം. പദ്മനാഭൻ, പ്രൊജക്ട് മാനേജർ നിതിൻ ഇ. ബെർണാഡ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. വ്യവസായം ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ്, കലക്ടർ എൻ.എസ്.കെ ഉമേഷ്, വാർഡ് കൗൺസിലർ എം.ഒ വർഗീസ്, കിൻഫ്ര എക്സ്പോർട്ട് പ്രമോഷണൽ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, കിൻഫ്ര ജനറൽ മാനേജർ ടി.ബി. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു. കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് പ്രൊജക്റ്റ് അവതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

