മൈക്ക് വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, കേസ് വേണ്ടെന്ന് നിർദേശം; പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകി
text_fieldsതിരുവനന്തപുരം: ഏറെ പ്രതിഷേധത്തിനും പരിഹാസത്തിനും വഴിവെച്ച മൈക്ക് വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്ക് തകരാറിലായ സംഭവത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് മാത്രം പരിശോധിച്ചാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ, പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്ക്, ആംപ്ലിഫയർ അടക്കമുള്ള ഉപകരണങ്ങൾ ഓപറേറ്റർക്ക് തിരികെ നൽകി. കേസിൽ തുടർ നടപടികൾ ഉണ്ടാവില്ലെന്ന് ഉടമ രഞ്ജിത്തിന് കന്‍റോമെന്‍റ് പൊലീസ് ഉറപ്പ് നൽകി.
അയ്യൻകാളി ഹാളില്‍ തിങ്കളാഴ്ച കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗത്തിനിടെയാണ് മൈക്കിന് സാങ്കേതിക തകരാർ ഉണ്ടായത്.10 സെക്കൻഡിനുള്ളിൽ തന്നെ ഓപറേറ്റർ തകരാർ പരിഹരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് മൈക്ക് തകരാറിലായതിന് കന്റോമെന്‍റ് പൊലീസ് ഓപറേറ്റർക്കെതിരെ സ്വമേധയാ കേസെടുത്തത്. കേരള പൊലീസ് ആക്ടിലെ 118 ഇ വകുപ്പ് പ്രകാരമാണ് (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതുസുരക്ഷയെ ബാധിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) കേസ്.
കേസെടുത്തതിന് പിന്നാലെ പൊലീസ് നിർദേശ പ്രകാരം പരിപാടിക്ക് ഉപയോഗിച്ച മൈക്ക്, ആംപ്ലിഫയർ അടക്കമുള്ള ഉപകരണങ്ങൾ രഞ്ജിത് സ്റ്റേഷനിൽ ഹാജരാക്കി. ഇലക്ട്രിക്കൽ എൻജിനീയർ പരിശോധിച്ച ശേഷം ഉപകരണങ്ങൾ തിരികെ നൽകാമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.
മൈക്ക് തകരാറിലായതിന് കേസെടുത്ത സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ രൂക്ഷ വിമർശനം നടത്തി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

