'മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് ഒറ്റയാൾ പട്ടാളം പോലെ, മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല'- രൂക്ഷ വിമർശനവുമായി സി.പി.ഐ
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സി.പി.ഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാൾ പട്ടാളം പോലെ പെരുമാറുന്നുവെന്നായിരുന്നു വിമർശനം. മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റക്ക് എടുക്കുകയാണ്. മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി.
പി.എം ശ്രീ ഇതിന് ഉദാഹരണമാണ്. പി.എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്‌ലിം ന്യൂനപക്ഷത്തെ എൽ.ഡി.എഫില്‍ നിന്നകറ്റിയെന്നും യോഗം വിലയിരുത്തി.
ഭരണവിരുദ്ധ വികാരമില്ലെന്ന് സി.പി.എം കണക്കുകൾ അക്കമിട്ട് നിരത്തുമ്പോൾ അടിത്തട്ടില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായെന്ന് സി.പി.ഐ അഭിപ്രാപ്പെട്ടു. മുൻഗണന നിശ്ചയിക്കുന്നതിൽ പോരായ്മയുണ്ടായി. ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിയിൽ പ്രധാന പങ്കു വഹിച്ചുവെന്നും യോഗം വിലയിരുത്തി.
അതേസമയം, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ ഇടതുപക്ഷത്തിന് തിരിച്ചടിയായോ എന്നതൊന്നും പരിശോധിക്കാൻ പാർട്ടിക്ക് മടിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള ഇടതുപക്ഷത്തിന് തിരിച്ചടിയായോ എന്ന് പരിശോധിച്ചേ പറയാനാവൂ. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവർ യു.ഡി.എഫിനൊപ്പം നിന്ന് കമ്യൂണിസ്റ്റ് വിരുദ്ധ ആശയം രൂപപ്പെടുത്തിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ന്യൂനപക്ഷ സംരക്ഷണ നിലപാട് ഉയർത്തി പിടിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയില്ല. തിരുവനന്തപുരത്തെ തോൽവിയുടെ പേരിൽ മേയർ ആര്യ രാജേന്ദ്രനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കഴമ്പില്ല. തെരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാ വീഴ്ച, രാഷ്ട്രീയ വീഴ്ച, ഉയർത്തിയ മുദ്രാവാക്യങ്ങളിലെ പ്രശ്നങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ പോരായ്മകൾ തുടങ്ങി എല്ലാ കാര്യങ്ങളും താഴെതട്ടുമുതൽ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തും. മൂന്നാം ഇടതുസർക്കാർ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം ഭരണ വിരുദ്ധ വികാരമല്ലെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിയുന്ന വിധത്തിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണ്. മധ്യകേരളത്തിലും മലപ്പുറത്തും വലിയ പരാജയമാണുണ്ടായത്. അതും കൊല്ലം കോർപറേഷൻ ഭരണം നഷ്ടമായതും പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള വിഷയം ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടില്ല. അങ്ങിനെയെങ്കിൽ അവർക്ക് ഇതിലും വലിയ വിജയം നേടാനാവുമായിരുന്നു. ഏതെങ്കിലും ഒരു വിഭാഗം ഇടതുമുന്നണിയെ കൈയൊഴിഞ്ഞെന്ന് പറയാനാവില്ല. അങ്ങിനെയെങ്കിൽ മലപ്പുറത്ത് പത്തുലക്ഷം വോട്ടുകൾ നേടാനാവുമായിരുന്നില്ല. തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം സഹായിച്ചു.
ബി.ജെ.പി ജയിച്ച വാർഡുകളിൽ 41 ഇടത്തും യു.ഡി.എഫ് സ്ഥാനാർഥികൾക്ക് 1000 വോട്ടിൽ താഴെയാണ് ലഭിച്ചത്. വോട്ട് നില നോക്കിയാൽ തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫിന് 1.75 ലക്ഷവും എൻ.ഡി.എക്ക് 1.65 ലക്ഷവും യു.ഡി.എഫിന് 1.25 ലക്ഷവുമാണ്. ക്ഷേത്രനഗരങ്ങൾ പിടിക്കാനുള്ള അവരുടെ ലക്ഷ്യം ഫലം കണ്ടില്ലെന്നും വിശ്വാസി സമൂഹം ബി.ജെ.പിക്ക് അനുകൂലമായി നിലകൊണ്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

