സ്തുതിയിൽ മുഴുകി പിണറായി
text_fieldsതിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിലെ സദസ്സിനിടയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമ്പോഴേക്കും വേദിയിൽ നിന്ന് വാഴ്ത്തുപാട്ട് മുഴങ്ങുന്നുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ച് അനുഗമിച്ചവർക്കൊപ്പം മുഖ്യമന്ത്രി വേദിക്കരികിലേക്ക് പ്രവേശിക്കുമ്പോഴും വാഴ്ത്തുപാട്ട് തുടർന്നു. വിവാദമായ ‘സ്തുതിഗീതം’ ശ്രവിച്ചാണ് മുഖ്യമന്ത്രി ഇരിപ്പിടത്തിലിരുന്നത്. തുടർന്ന്, സ്വാഗത പ്രസംഗമടക്കം പതിവ് നടപടിക്രമങ്ങൾ.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരോദ്ഘാടന ചടങ്ങിൽ ആലപിക്കാനായി ചിട്ടപ്പെടുത്തിയ വാഴ്ത്തുപാട്ട് വിവാദമായെങ്കിലും മുൻ നിശ്ചയിച്ച പ്രകാരംതന്നെ വ്യാഴാഴ്ച പരിപാടി നടന്നു. നൂറോളം ജീവനക്കാർ അണിനിരന്നാണ് ‘ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ, ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായ്’ എന്ന് തുടങ്ങുന്ന പിണറായി സ്തുതി ആലപിച്ചത്. ‘കുറ്റം ചാർത്താൻ ശ്രമിക്കുന്നവർക്ക് പുകഴ്ത്തൽ അസ്വസ്ഥതയുണ്ടാക്കുമെന്ന്’ കഴിഞ്ഞദിവസം പ്രതികരിച്ച മുഖ്യമന്ത്രി സ്തുതിഗീതത്തെ തള്ളാൻ തയാറായിരുന്നില്ല.
അതേസമയം, മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലേക്ക് സെക്രട്ടേറിയറ്റ് ജീവനക്കാർ ജോലി നിർത്തിവെച്ച് കൂട്ടത്തോടെയെത്തി. സെന്‍ട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ വിശാലമായ സദസ്സ് മുഖ്യമന്ത്രി എത്തുന്നതിനുമുമ്പേ നിറഞ്ഞിരുന്നു. വനിതകളടക്കമുള്ളവർ ഇരിപ്പിടം കിട്ടാതെ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സ്തുതിഗീതവും മുഖ്യമന്ത്രിയുടെ പ്രസംഗവും കേട്ടത്. ഒരുമണിയോടെ മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചു. അതിനുശേഷമാണ് ജീവനക്കാർ ഓഫിസുകളിലേക്ക് മടങ്ങിത്തുടങ്ങിയത്.
ഗാനരചയിതാവിന്റെ നിയമനം വിവാദത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച പൂവത്തൂര്‍ ചിത്രസേനൻ സർവിസിൽനിന്ന് വിരമിച്ച ശേഷമുള്ള നിയമനം വിവാദത്തില്‍. പൊതുഭരണ വകുപ്പിലെ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനന് ധനവകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തിൽ പുനര്‍നിയമനം നൽകിയിരുന്നു. ഇത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്ന് പരാതി ഉയർന്നു. വിരമിച്ചശേഷം നിയമനം ആവശ്യപ്പെട്ട് ചിത്രസേനന് 2024 ഏപ്രില്‍ 25നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഏപ്രില്‍ 24ന് ഇറങ്ങിയ ഉത്തരവിൽ സ്പെഷല്‍ മെസഞ്ചറായി നിയമനം നല്കാൻ തീരുമാനിച്ചെന്ന് പറയുന്നു. അപേക്ഷ നൽകുംമുമ്പ് നിയമനം നല്കി. തുച്ഛമായ പെൻഷൻകൊണ്ട് കുടുംബം നോക്കാൻ കഴിയാത്തതിനാൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രിക്കാണ് കത്ത് നൽകിയത്. ‘വ്യക്തിപൂജയിലൂടെ കാര്യങ്ങൾ നേടാൻ ഈ പാർട്ടിയിൽ കഴിയില്ലെന്ന്’ മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ച പശ്ചാത്തലത്തിതും ചർച്ചയായതും.
അതേസമയം, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരമാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ഗാനരചന നടത്തിയതെന്ന് ചിത്രസേനൻ പ്രതികരിച്ചു. വെള്ളത്തിലെ തിര കണക്കെ വരികൾ വരികയായിരുന്നു. ഒരു കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാൽ അത് എവിടെയും പോയി മുട്ടയിടും. അതുപോലെ എനിക്ക് കവിത എഴുതണമെന്ന് തോന്നിയാൽ ഏത് ആൾക്കൂട്ടത്തിൽ വെച്ചാണെങ്കിലും അത് എഴുതും -ചിത്രസേനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

