Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pinarayi vijayan and arif muhammed khan
cancel
camera_alt

file photo    

Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി നേരിട്ട്...

മുഖ്യമന്ത്രി നേരിട്ട് വന്നിട്ടും വഴങ്ങിയില്ല; ഗവർണറെ പ്രകോപിപ്പിച്ചത്​ കത്തിലെ നിർദേശങ്ങൾ

text_fields
bookmark_border

തിരുവനന്തപുരം: നിയമസഭ വെള്ളിയാഴ്ച സമ്മേളിക്കാനിരിക്കെ മണിക്കൂറുകൾ സർക്കാറിനെ മുൾമുനയിൽ നിർത്തിയശേഷം ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെച്ചു. മന്ത്രിമാരുടെ പേഴ്​സനൽ സ്റ്റാഫുകൾക്ക്​ പെൻഷൻ നൽകുന്ന വിഷയമുയർത്തി പ്രസംഗത്തിന്​ അനുമതി വൈകിപ്പിച്ച ഗവർണറുടെ നടപടി​ സർക്കാറിനെ ഞെട്ടിക്കുകയും നിയമസഭ സമ്മേളനം അനിശ്ചിതത്വത്തിലാക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്​ കണ്ട്​ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ഗവർണർ, രാജ്​ഭവന്​ അതൃപ്തിയുണ്ടാക്കിയ കത്തയച്ച പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സ്ഥാനത്തുനിന്ന്​ മാറ്റിയതോടെയാണ്​ അയഞ്ഞത്​. ശാരദാമുരളീധരന്​ പകരം ചുമതല നൽകി.

നയപ്രഖ്യാപനവുമായി ബന്ധമില്ലാത്ത പേഴ്​സനൽ സ്റ്റാഫിന്‍റെ പെൻഷൻ വിഷയം, പൊതുഭരണ സെക്രട്ടറിയുടെ കത്ത്​ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ്​ ഗവർണർ കടുത്ത നിലപാടെടുത്തത്​. ജ്യോതിലാലിന്‍റെ കത്തിനെതിരെ ഗവർണർ രൂക്ഷവിമർശമാണ്​ ഉയർത്തിയത്​. മുഖ്യമന്ത്രി ആവർത്തിച്ച്​ പറഞ്ഞിട്ടും വഴങ്ങാൻ തയാറായില്ല. ഇരുവരും അരമണിക്കൂറോളം ചർച്ച നടത്തിയിട്ടും ധാരണയുണ്ടായില്ല. പിന്നാലെ ചീഫ്​ സെക്രട്ടറിയെ അയച്ചാണ്​ ജ്യോതിലാലിനെ മാറ്റാമെന്ന്​ ഗവർണറെ അറിയിച്ചത്​.

ഭരണഘടന പ്രതിസന്ധിയുണ്ടാകുന്നെന്ന ആശങ്ക ഉയരുകയും നിയമസഭ സമ്മേളനം തന്നെ മുടങ്ങുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു​. പ്രതിസന്ധി അതിജീവിക്കുന്നതിനെക്കുറിച്ച്​​ മുഖ്യമന്ത്രി മന്ത്രിമാരുമായും രാഷ്ട്രീയ നേതൃത്വവുമായും ചീഫ്​ സെക്രട്ടറി നിയമവിദഗ്​ധരുമായും ചർച്ച നടത്തി. പുതിയ വർഷത്തിലെ ആദ്യ സഭാസമ്മേളനം ഗവർണറുടെ പ്രസംഗത്തോടെയാണ്​ തുടങ്ങേണ്ടത്​.

പ്രസംഗം വായിക്കൽ ഗവർണറുടെ ഭരണഘടന ബാധ്യതയാണ്​. ഇത്​ ചെയ്യാതിരുന്നാൽ ഭരണഘടന പ്രതിസന്ധിയുണ്ടാകും. സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശനങ്ങളോട്​ ഗവർണർമാർ മുമ്പും വി​യോജിച്ചിട്ടുണ്ട്​. ചില ഭാഗങ്ങൾ വായിക്കാതെ വിടുകയും ചിലപ്പോൾ വിയോജിപ്പ്​ പ്രകടിപ്പിച്ച്​​ വായിക്കുകയുമാണ്​ രീതി. എന്നാൽ, സംസ്ഥാന ചരിത്രത്തിലാദ്യമായി,​ നയപ്രഖ്യാപനത്തിന്‍റെ തലേന്ന്​ ഗവർണർ പ്രസംഗത്തിൽ ഒപ്പിടാത്ത പ്രതിസന്ധിയാണ്​ ഇക്കുറിയുണ്ടായത്​. വിവാദം സർക്കാറും ഗവർണറും തമ്മിലെ നാടകമാണെന്ന്​ പ്രതിപക്ഷം ആരോപിച്ചു.

വെള്ളിയാഴ്ച ഗവർണർ നിയമസഭയിൽ പ്രസംഗിക്കും. 2020ൽ പൗരത്വ നിയമഭേദഗതിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ ഗവർണറും സർക്കാറും തമ്മിൽ ഭിന്നതയുണ്ടായി. ഈ വിഷയം പറയുന്ന 18-ാം ഖണ്ഡിക വായിക്കില്ലെന്ന്​ സർക്കാറിനെ അറിയിച്ചെങ്കിലും പിന്നീട്​ വിയോജിക്കുന്നെന്ന മുഖവുരയോടെ ഗവർണർ വായിച്ചു.

ജ്യോതിലാലിനെ മാറ്റി, അനുമതിയും നൽകി

നയപ്രഖ്യാപന പ്രസംഗത്തിന്​ അംഗീകാരം നൽകാൻ​ തയാറാകാതെ സംസ്ഥാന സർക്കാറിനെ മുൾമുനയിൽ നിർത്താൻ തക്കവിധം ഗവർണറെ ​പ്രകോപിപ്പിച്ചത്​ ഗവർണറുടെ ആവശ്യ​പ്രകാരം നടന്ന അഡീഷനൽ പേഴ്​സനൽ അസിസ്റ്റൻറിന്‍റെ​​ നിയമന ഉത്തരവിനൊപ്പം സർക്കാർ അയച്ച കത്തിലെ നിർദേശങ്ങൾ. സർക്കാറിന്​ വേണ്ടി പൊതുഭരണവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ്​ കത്ത്​ നൽകിയത്​. അനുനയനീക്കത്തിന്‍റെ ഭാഗമായി ജ്യോതിലാലിനെ പൊതുഭരണവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന്​ മാറ്റാൻ സർക്കാർ തയാറായശേഷമാണ്​ നയപ്രഖ്യാപന പ്രസംഗത്തിന്​ അംഗീകാരം നൽകാൻ ഗവർണർ തയാറായത്​.

ബി.ജെ.പി സംസ്​ഥാന കമ്മിറ്റിയംഗം ഹരി എസ്​. കർത്തയെ തന്‍റെ അഡീഷനൽ പേഴ്​സനൽ അസിസ്റ്റൻറായി നിയമിക്കണമെന്ന ആവശ്യം ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ മുന്നോട്ടുവെച്ചിരുന്നു. ഇതുസംബന്ധിച്ച ഫയൽ സർക്കാറിന്‍റെ പരിഗണനയിലിരിക്കെയാണ്​ ലോകായുക്ത ​നിയമഭേദഗതി ഓർഡിനൻസ്​ അംഗീകാരത്തിന്​ ഗവർണറുടെ മുന്നിലെത്തുന്നത്​.

ആഴ്ചകൾ നീണ്ട അനിശ്​ചിതത്വത്തിനൊടുവിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്​ വിദേശ സന്ദർശനം കഴിഞ്ഞ്​ തിരിച്ചെത്തിയശേഷം രാജ്​ഭവനിലെത്തി ഗവർണറെ മുഖ്യമന്ത്രി കണ്ട ശേഷമാണ്​. ഈ കൂടിക്കാഴ്ചക്കിടെ അഡീഷനൽ പേഴ്​സനൽ അസിസ്റ്റൻറിന്‍റെ​​ നിയമനം ​വേഗത്തിൽ അംഗീകരിക്കണമെന്ന്​ ഗവർണർ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 14ന്​ ഹരി എസ്​. കർത്തയെ ഗവർണറുടെ അഡീഷനൽ പേഴ്​സനൽ അസിസ്റ്റൻറായി നിയമിച്ച്​ സർക്കാർ ഉത്തരവിറക്കിയതിനൊപ്പം ഒരു കത്തും പ്രത്യേകമായി രാജ്​ഭവന്​ നൽകി. സജീവ രാഷ്ട്രീയത്തിലുള്ളവരെയും രാഷ്ട്രീയ ബന്ധമുള്ളവരെയും രാജ്​ഭവനിൽ നിയമിക്കുന്ന കീഴ്​വഴക്കമില്ലെന്നും ഇക്കാര്യം ഗവർണറുടെ ശ്രദ്ധയിൽപെടുത്തണമെന്നുമാണ് പൊതുഭരണവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിയു​ടെ പേരിലുള്ള കത്തിൽ അറിയിച്ചിരുന്നത്​.

ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ, നിയമനത്തിൽ നിലവിലെ രീതി തുടരുന്നതായിരിക്കും ഉചിതമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ കത്താണ്​ ഗവർണറെ പ്രകോപിപ്പിച്ചത്​. നയപ്രഖ്യാപന പ്രസംഗത്തിന്​ അംഗീകാരം നൽകാൻ​ തയാറാകാതിരുന്ന ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി രാജ്​ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും വഴങ്ങിയില്ല. ഉദ്വേഗംങ്ങൾക്കൊടുവിൽ, പൊതുഭരണവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന്​ കെ.ആർ. ജ്യോതിലാലിനെ മാറ്റി സർക്കാർ ഉത്തരവിറക്കിയതോടെയാണ്​ നയപ്രഖ്യാപനത്തിന്​ ഗവർണറുടെ അനുമതി ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorPinarayi VijayanArif Mohammed Khan
News Summary - The Chief Minister came directly but did not yield; The instructions in the letter provoked the governor
Next Story