മുന്നണിമാറ്റം തടയിട്ടത് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് -എം നടത്തിയ മുന്നണിമാറ്റ നീക്കങ്ങൾക്ക് തടയിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിലെ കേരള കോൺഗ്രസ് -എം പ്രതിനിധി റോഷി അഗസ്റ്റിനെ കൂട്ടുപിടിച്ചായിരുന്നു നിർണായക നീക്കം. ചീഫ് വിപ്പ് പ്രഫ. എൻ. ജയരാജും റോഷി അഗസ്റ്റിനൊപ്പം നിന്നു. സി.പി.എം നീക്കം അറിഞ്ഞതോടെ മുന്നണിമാറ്റത്തിൽനിന്ന് ജോസ് കെ. മാണി പിന്മാറിയെന്നാണ് വിവരം.
മുന്നണിമാറ്റ ചർച്ച പുറത്തുവന്നതോടെ റോഷി അഗസ്റ്റിൻ ‘തുടരും’ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പ്രമോദ് നാരായണൻ എം.എൽ.എയും സമാന കുറിപ്പിട്ടു. മറ്റ് എം.എൽ.എമാർ നിലപാട് വ്യക്തമാക്കിയില്ല. ജോസ് കെ. മാണിയുടെ മുന്നണിമാറ്റ നീക്കം അറിഞ്ഞതോടെ മുഖ്യമന്ത്രി റോഷിയെ വിളിച്ച് മുന്നണി വിടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പാർട്ടി പിളർന്നാലും ഇടതിനൊപ്പം ഉറച്ചുനിൽക്കുമെന്ന സന്ദേശം കൂടിയായിരുന്നു പിന്നാലെ വന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ റോഷി നൽകിയത്. ആദ്യം പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്ന് പറഞ്ഞിരുന്ന എൻ. ജയരാജും റോഷിയെ പിന്തുണച്ചു. ഇതോടെ പാർട്ടിയുടെ അഞ്ച് എം.എൽ.എമാരിൽ മൂന്നുപേർ എൽ.ഡി.എഫിനൊപ്പം തുടരുമെന്ന നിലയായി. മുന്നണിമാറ്റ നിലപാടുമായി മുന്നോട്ടുപോയാൽ പാർട്ടി പിളരുമെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതോടെയാണ് മുന്നണിമാറ്റ നീക്കം ജോസ് കെ. മാണി തന്നെ താൽക്കാലികമായി അവസാനിപ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽകൂടിയാണ് മുന്നണിമാറ്റ ചർച്ച പാർട്ടിയിൽ സജീവമായത്. കത്തോലിക്ക സഭയിൽനിന്ന് അനുകൂല നിലപാട് ഉണ്ടാവുകയും ചെയ്തു. ഭിന്നശേഷി നിയമനത്തിന്‍റെ മറവിൽ സഭക്ക് കീഴിലെ സ്കൂളുകളിലുൾപ്പെടെ നൂറുകണക്കിന് അധ്യാപക നിയമനങ്ങൾക്ക് സർക്കാർ നിയമനാംഗീകാരം തടഞ്ഞതും ജെ.ബി. കോശി കമീഷൻ റിപ്പോർട്ടിലെ പ്രധാന ശിപാർശകളിൽ സർക്കാർ തുടർനടപടി സ്വീകരിക്കാത്തതും സഭയെ സർക്കാറിനെതിരെ തിരിച്ചു. ആറുവർഷം മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ച കെ.എം. മാണി സ്മാരക നിർമാണത്തിന് സർക്കാർ തുടർനടപടി സ്വീകരിക്കാത്തത് കേരള കോൺഗ്രസ് -എം അണികളിൽ ചർച്ചയായി. പിന്നാലെ റോഷി അഗസ്റ്റിൻ കൈകാര്യം ചെയ്യുന്ന ജലവിഭവ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള വാട്ടർ അതോറിറ്റിയുടെ സ്ഥലം കെ.എം. മാണി സ്മാരകത്തിന് അനുവദിക്കാൻ മന്ത്രിസഭയിൽ അജണ്ട എത്തി. ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചതും മുന്നണിമാറ്റ നീക്കങ്ങൾക്ക് തടയിടാനായിരുന്നു. ഭിന്നശേഷി നിയമന കേസിൽ എൻ.എസ്.എസ് മാനേജ്മെന്‍റിന് അനുകൂലമായി ലഭിച്ച കോടതി വിധി മറ്റ് മാനേജ്മെന്‍റുകൾക്കുകൂടി ബാധകമാക്കുന്നത് സംബന്ധിച്ച് കോടതിയിൽനിന്ന് വ്യക്തത തേടാനുള്ള തീരുമാനവും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

