ജമാഅത്തെ ഇസ്ലാമി-ആർ.എസ്.എസ് ചർച്ച ആർക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി
text_fieldsകാസർകോട്: ജമാഅത്തെ ഇസ്ലാമി-ആർ.എസ്.എസ് ചർച്ച ആർക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതക്കും കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കുമെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജകീയ പ്രതിരോധ ജാഥ കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‍ലാമിക്കും ആർ.എസ്.എസിനും തമ്മിൽ എന്ത് കാര്യമാണ് സംസാരിക്കാനുള്ളതെന്ന് ഇന്ന് സമൂഹത്തിൽ എല്ലാവരും ചോദിക്കുകയാണ്. ചർച്ച ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാകാനിടയില്ല. കാരണം ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഈ രണ്ടു വിഭാഗത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ ആർ.എസ്.എസിന്റെ വർഗീയത തിരിച്ചറിയുന്നവരുമാണ്. ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസുമായി ചർച്ച നടത്തിയതിനു പിന്നാലെ, മുസ്‍ലിം വിഭാഗത്തിലെ ഒട്ടേറെ സംഘടനകൾ ആ നിലപാടിനെ നിശിതമായി വിമർശിച്ച് രംഗത്തു വന്നിട്ടുണ്ട്. ന്യൂനപക്ഷം പൊതുവിൽ ആഗ്രഹിക്കുന്നൊരു കാര്യമല്ല ജമാഅത്തെ ഇസ്‍ലാമിയുടെ ഭാഗത്തുനിന്ന് വന്നത്.
ജമാഅത്തെ ഇസ്‍ലാമിക്ക് ആ പേരുണ്ടെങ്കിലും വേറൊരു രൂപവും അവർക്കുണ്ട് എന്നത് എല്ലാവർക്കും അറിയാം. അത് വെൽഫെയർ പാർട്ടി എന്ന രൂപമാണ്. വെൽഫെയർ പാർട്ടി കേരളത്തിലെ കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. ഇപ്പോൾ ഇവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. അവിടെയാണ് സ്വാഭാവികമായ ചില സംശയങ്ങൾ ഉയർന്നുവരുന്നത്. ഇത് വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചൊരു കാര്യമാണോ? കോൺഗ്രസ്-ലീഗ്-വെൽഫെയർ പാർട്ടി എന്ന ത്രയത്തിന് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ?
കെ.പി.സി.സി പ്രസിഡന്റ് തന്നെ ഞാൻ വേണമെങ്കിൽ ബി.ജെ.പിയിൽ പോകും എന്ന് പരസ്യമായി പറഞ്ഞത് എല്ലാവരും കേട്ടതാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടേറെ പേർ കോൺഗ്രസിലുണ്ടെന്നത് സമൂഹത്തിനറിയുകയും ചെയ്യാം. ലീഗിന്റെ നേതൃത്വത്തിലെ ഒരു വിഭാഗമാണ് വെൽഫെയർ പാർട്ടിയുമായുള്ള യോജിപ്പിനും സഖ്യത്തിനും നേതൃത്വം കൊടുത്തത്.
മുസ്‍ലിം ലീഗുമായി ചേർന്നു നിൽക്കുന്ന ചില സംഘടനകൾ തന്നെ അതിനെ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്തതാണ്. പക്ഷെ, ജമാഅത്തെ ഇസ്‍ലാമി കൂടി കൂടെയുണ്ടാവുക എന്ന നിലപാടാണ് അന്ന് ലീഗ് നേതൃത്വത്തിൽ ഒരു വിഭാഗം നിലപാടായി എടുത്തത്. ആ വിഭാഗവും നേരത്തെ പറഞ്ഞ കോൺഗ്രസിലെ വിഭാഗവും ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള പങ്കു വഹിച്ചിട്ടുണ്ടോ? അത് അവർ വ്യക്തമാക്കിയാലേ മനസ്സിലാകൂ-മുഖ്യമന്ത്രി തുടർന്നു
കേന്ദ്രത്തെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി
കാസർകോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രത്തെയും പ്രതിപക്ഷത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തെ കേന്ദ്രം വല്ലാതെ അവഗണിക്കുകയാണ്. ഇതിനെതിരെ അര അക്ഷരം പ്രതിപക്ഷം സംസാരിക്കുന്നില്ല. ബി.ജെ.പിയുടെ നിലപാടുകാരായി പ്രതിപക്ഷം മാറുകയാണ്.
കേന്ദ്രത്തിന്റെ സാമ്പത്തിക വളർച്ച 12.1 ശതമാനമാണ്. കേരളത്തിന്റേത് 8.7 ആണ്. ഈ മികച്ച വളർച്ച വസ്തുതയായിരിക്കെ തളരുകയാണ്, തളരുകയാണ് എന്നാണ് പറയുന്നത്. 17.3 ശതമാനം വ്യവസായ വളർച്ചയുമുണ്ട്. കേന്ദ്ര സർക്കാർ നയത്തിൽ രാജ്യത്തെ മഹാഭൂരിപക്ഷത്തെയും പുറന്തള്ളുന്നതിന് വർഗീയത ആളിക്കത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വളർച്ചക്ക് അനുകൂലമല്ല കേന്ദ്രത്തിന്റെ നിലപാടുകൾ.
കേരളം നിലനിന്നുപോകുന്നത് കേന്ദ്രത്തിന്റെ പണം കൊണ്ടാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ ആഭ്യന്തര നികുതിയുടെ 75 ശതമാനം കേന്ദ്രം കൈവശം വെക്കുന്നു. പത്തുവർഷത്തെ ഭരണംകൊണ്ട് ആർ.എസ്.എസിനു വിചാരിച്ച രീതിയിൽ ഭരണഘടന ഭേദഗതി ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ, അതിൽ മാറ്റംവരുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വിവാഹ മോചനം എല്ലാവർക്കുമിടയിലുണ്ട്. എന്നാൽ, മുസ്‍ലിംകൾ അത് ചെയ്താൽ ക്രിമിനൽ കുറ്റമാക്കുകയാണ് കേന്ദ്ര സർക്കാർ മുത്തലാഖ് നിരോധനം വഴി ചെയ്തത് -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

