
ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിടം പൂർണ സുരക്ഷിതമെന്ന് റിപ്പോർട്ട്; ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റെയര്‍ റൂം എന്നിവിടങ്ങളിലെ പ്ലാസ്റ്ററിങ്ങില്‍ പോരായ്മ
text_fieldsതൃശൂർ: ജി.എച്ച്.എസ്.എസ് ചെമ്പൂച്ചിറയിലെ നിര്‍മാണവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്കോസ് കൈറ്റിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന മൂന്ന് കോടിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ പദ്ധതിയിൽപെട്ടതാണ് പ്രവൃത്തി. വാപ്കോസിന് വേണ്ടി തദ്ദേശഭരണ വകുപ്പ് മുന്‍ ചീഫ് എൻജിനീയര്‍ സജികുമാറിെൻറ നേതൃത്വത്തിലുള്ള ഏഴംഗ ടീമാണ് പരിശോധന നടത്തിയത്.
കെട്ടിടത്തിെൻറ കോൺക്രീറ്റ് നിർമിതികൾ ഉൾെപ്പടെ ഘടന സുദൃഢവും പൂര്‍ണ സുരക്ഷിതവുമാണെന്നും റീബൗണ്ട് ഹാമര്‍ ടെസ്റ്റുള്‍പ്പെടെ നടത്തിയതിെൻറ അടിസ്ഥാനത്തില്‍ അന്വേഷണസംഘം വിലയിരുത്തി.
എന്നാല്‍, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റെയര്‍ റൂം എന്നിവിടങ്ങളിലെ പ്ലാസ്റ്ററിങ്ങില്‍ പോരായ്മകളുണ്ട്. ലോക്ഡൗണ്‍ കാലത്ത് കരാറുകാരന് നടത്തിയ പ്ലാസ്റ്ററിങ് പ്രവര്‍ത്തനങ്ങളില്‍ തകരാർ കണ്ടെത്തിയ ഉടൻ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. ഈ ഭാഗത്തെ പണം നൽകാൻ അളവെടുക്കുകയോ ബില്ലുകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പ്ലാസ്റ്ററിങ്ങിലെ സാമ്പിളുകള്‍ ഗുണനിലവാര പരിശോധനക്ക് ശേഖരിച്ചു.
കെട്ടിടത്തിെൻറ ബലത്തിനും ഘടനക്കും പ്രശ്നവുമില്ലാതെ പുതിയ കെട്ടിടത്തിെൻറ ഒരുഭാഗം പഠനത്തിന് കഴിഞ്ഞ അക്കാദമിക വര്‍ഷം ഉപയോഗിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കണ്ടെത്തിയ പ്ലാസ്റ്ററിങ്ങിലെ പ്രശ്നം കെട്ടിടത്തിെൻറ ബലവുമായി ബന്ധമില്ലാത്തതാണെങ്കില്പോലും ഇക്കാര്യം വിശദ അന്വേഷണത്തിന് വിധേയമാക്കാനും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടികള്‍ എടുക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.