ജി.എസ്.ടി പരിഷ്‍കരണത്തിലൂടെയുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്നും അത് കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ വസ്തുക്കളുടെ നികുതി കുറക്കുന്നതിലൂടെ സാധാരണ പൗരന്‍റെ നികുതിഭാരം കുറക്കാന്‍ കഴിയുന്ന ഏതൊരു നടപടിയും സ്വാഗതാര്‍ഹമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള വരുമാന നഷ്ടം ദരിദ്രര്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും.
അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് പുനഃപരിശോധിച്ചത് മൂലം വിലയിലുണ്ടായ കുറവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ 50:50 എന്ന നിരക്ക് വിഭജനം സംസ്ഥാനങ്ങളുടെ വരുമാനക്കുറവിന് കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താൻ കത്തയച്ചിട്ടുണ്ട്.
സാമൂഹിക - സാമ്പത്തിക മേഖലകളിലെ ചെലവ് ബാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിത വരുമാന സമാഹരണ അധികാരങ്ങള്‍ മാത്രമേയുള്ളൂ. നിലവില്‍ ഓപണ്‍ മാര്‍ക്കറ്റ് കടമെടുപ്പുകളിലൂടെ വിഭവങ്ങള്‍ സമാഹരിക്കുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ജി.എസ്.ടി നിരക്ക് പരിഷ്കരിക്കുന്നതിലൂടെ പെട്ടെന്നുണ്ടാകുന്ന വരുമാന നഷ്ടം സംസ്ഥാനങ്ങളുടെ വരുമാന ശേഖരണ ശേഷിയെ കൂടുതല്‍ ദുര്‍ബലമാക്കും.
അതുകൊണ്ട് ജി.എസ്.ടി നിരക്ക് പുനഃപരിശോധിക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ വരുമാന നഷ്ടം വിലയിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മോദി പ്രഖ്യാപിച്ച ജി.എസ്.ടി ഇളവ് സംസ്ഥാനങ്ങൾക്കും വൻ വരുമാനനഷ്ടമുണ്ടാക്കും; പുതിയ ജി.എസ്.ടി ദസ്റക്ക് മുമ്പ് നിലവിൽ വരും
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജി.എസ്.ടി ഇളവ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വൻ വരുമാനനഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട്. 40,000 കോടിയുടെ വരുമാനനഷ്ടമാണ് പുതിയ സംവിധാനത്തിലൂടെ ഉണ്ടാവുക. പുതിയ സംവിധാനം നിലവിൽ വരുമ്പോഴുള്ള വരുമാനനഷ്ടം കണക്കാക്കാൻ ജി.എസ്.ടി സെക്രട്ടറിയേറ്റിലെ ഫിറ്റ്മെന്റ് പാനൽ നീക്കം തുടങ്ങി.
ജി.എസ്.ടി നികുതി സംവിധാനം ലളിതമാക്കുകയാണ് പുതിയ പരിഷ്‍കാരത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അഞ്ച്, 18, 40 ശതമാനം മാത്രമായിരിക്കും ജി.എസ്.ടിയിലെ സ്ലാബുകൾ. നിലവിൽ ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണമേർപ്പെടുത്തുന്ന ബിൽ വന്നതോടെ കേന്ദ്രസർക്കാറിന് 20,000 കോടിയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ട്.
അതേസമയം, വരുമാനനഷ്ടം താൽക്കാലികം മാത്രമാണെന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ഭാഷ്യം. നിരക്ക് കുറഞ്ഞാൽ അതിന് ആനുപാതികമായി ഉപഭോഗം വർധിക്കുമെന്നാണ് അവരുടെ ഭാഷ്യം. മുമ്പ് ആദായ നികുതിയിൽ റിബേറ്റ് പ്രഖ്യാപിച്ചപ്പോൾ അത് ഉപഭോഗം ഉയർത്താൻ കാരണമായെന്നും ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്.
ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുമെന്നും മോദി പറഞ്ഞു.79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഈ ദീപാവലിക്ക് നിങ്ങൾക്കെല്ലാവർക്കും ഒരു സമ്മാനമായി പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ കൊണ്ടുവരും. സാധാരണ വസ്തുക്കളുടെ നികുതി ഗണ്യമായി കുറയും... ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ നേട്ടമാകും, നിത്യോപയോഗ വസ്തുക്കളുടെ വില കുറയും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

