അവസാന നിമിഷവും വെട്ട്; കടമെടുപ്പിൽ 5900 കോടി കുറച്ചു
text_fieldsതിരുവനന്തപുരം: സാമ്പത്തിക വർഷത്തെ അവസാന മാസങ്ങളിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട വായ്പയിലും കേന്ദ്രത്തിന്‍റെ കടുംവെട്ട്. ജനുവരി-മാർച്ച് കാലയളവിൽ 12000 കോടി കടമെടുപ്പിന് കേരളത്തിന് അർഹതയുണ്ടെങ്കിലും ഇതിൽ 5900 കോടിയാണ് വെട്ടിക്കുറച്ചത്. ഇതുൾപ്പെടെ ഈ സാമ്പത്തിക വർഷം 17000 കോടിയാണ് കടമെടുപ്പിൽ കേന്ദ്രം തടഞ്ഞതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി ശനിയാഴ്ച വിളിച്ച യോഗത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടും.
സംസ്ഥാനത്തെ സാമ്പത്തികമായി ഉപരോധിക്കുന്ന നീക്കങ്ങളാണ് തുടർച്ചയായുള്ള കേന്ദ്ര നിലപാടുകളെന്ന് ബാലഗോപാൽ ആരോപിച്ചു. ഈ സാമ്പത്തിക വർഷത്തിൽ വിവിധ വകുപ്പുകൾക്ക് പൊതുവായി ലഭിക്കേണ്ട 4250 കോടിയാണ് കുറവ് വരുത്തിയത്. കിഫ്ബിയും പെൻഷൻ കമ്പനിയുമെടുത്ത വായ്പ സംസ്ഥാന പൊതു വായ്പയായി പരിഗണിച്ച് കടമെടുപ്പിൽ നിന്ന് 4700 കോടി വെട്ടി. സർക്കാർ നൽകുന്ന ഗ്യാരണ്ടികൾക്കായി പുതിയ നിബന്ധനയായ ഗ്യാരണ്ടി റിഡംഷൻ ഫണ്ടിന്‍റെ പേരിൽ 3300 കോടിയാണ് മാറ്റിയത്. കോടതിയിൽ കേസ് പറഞ്ഞ് ഒടുവിൽ 13000 കോടി അനുവദിച്ചെങ്കിലും ഇതിൽ നിന്നും 1922 കോടി കുറച്ചു.
സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ട ഐ.ജി.എസ്.ടി പൂളിൽ നിന്ന് ഏതോ ചില സംസ്ഥാനങ്ങൾ അധികമായി പണമെടുത്തുവെന്നതും ഇത്തരത്തിൽ 19,000 കോടി രൂപ കുറവുവന്നതും ചൂണ്ടിക്കാട്ടി കേരളത്തിനുള്ള വിഹിതത്തിൽ 965 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ കടമെടുപ്പിൽ നിന്ന് 5900 കോടി കൂടി തടഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

