കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; അപകടം കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ
text_fieldsകോഴിക്കോട്: രണ്ടാഴ്ചക്കിടെ കേരളതീരത്തിനുസമീപം കടലിൽ വീണ്ടും ചരക്കുകപ്പൽ അപകടം. കൊളംബോയിൽ നിന്ന് മുംബൈയിലേക്കുപോയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ സ്ഫോടനത്തെത്തുടർന്ന് വൻ തീപിടിത്തം. കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ (81 കിലോമീറ്റർ) അകലെ തിങ്കളാഴ്ച രാവിലെ 9.20നാണ് അപകടമുണ്ടായതെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. സിംഗപ്പൂരിന്റെ എം.വി. വാൻഹായ് 503 എന്ന കപ്പലിലാണ് പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. 1015 കണ്ടെയ്നറുകൾ കടലിലൊഴുകി.
രക്ഷാസംവിധാനങ്ങളുമായി കടലിൽ ചാടിയ 18 പേരെ ഇന്ത്യൻ നാവികസേനയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. നാലുപേരെ കാണാതായി. അഞ്ചുപേർക്ക് പൊള്ളലേറ്റു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. എട്ട് ചൈനക്കാരും ആറു തായ്വാൻ സ്വദേശികളും അഞ്ച് മ്യാന്മര് സ്വദേശികളും മൂന്ന് ഇന്തോനേഷ്യക്കാരുമടക്കം 22 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. കാണാതായവരിൽ രണ്ടുപേർ മ്യാന്മർ സ്വദേശികളാണ്.
തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ക്യാപ്റ്റനും എൻജിനീയർമാരുമടക്കം പുറത്തുവന്നതിന് പിന്നാലെ നിയന്ത്രണമില്ലാതെ ഒഴുകിയ കപ്പലിലെ തീ മണിക്കൂറുകൾ പിന്നിട്ടിട്ടും അണക്കാനായില്ല. തീയണക്കൽ അതീവ ദുഷ്കരമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും രണ്ട് ഡോണിയർ വിമാനങ്ങളും നാവികസേനയുടെ ഡോണിയർ വിമാനവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കൊച്ചിയിലേക്ക് വരാനിരുന്ന നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്ത് വഴിതിരിച്ചുവിട്ട് രക്ഷാപ്രവർത്തനത്തിനുപയോഗിച്ചു. രക്ഷപ്പെടുത്തിയവരെ ഐ.എൻ.എസ് സൂറത്തിലേക്ക് മാറ്റി. ഇവരെ മംഗളൂരുവിലെത്തിക്കും.
ഈ ഭാഗത്തുകൂടെ സഞ്ചരിച്ചിരുന്ന രണ്ട് ചരക്കുകപ്പലുകളോടും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാൻ ഷിപ്പിങ് ഡയറക്ടറേറ്റ് നിർദേശിച്ചിരുന്നു. കണ്ടെയ്നറുകളിൽ കീടനാശിനിയടക്കമുള്ള അപകടകരമായ വസ്തുക്കൾ ഏറെയുണ്ട്. ക്ലാസ് മൂന്ന് (തീപിടിക്കുന്ന ദ്രാവകങ്ങൾ), ക്ലാസ് 4.1 (തീപിടിക്കുന്ന ഖരവസ്തുക്കൾ), ക്ലാസ് 4.2 (സ്വയമേവ കത്തുന്ന വസ്തുക്കൾ), ക്ലാസ് 4.6 (വിഷവസ്തുക്കൾ) എന്നിവയുൾപ്പെടെയാണുള്ളത്. ആസിഡുകളും ലിഥിയം ബാറ്ററികളുമടക്കമുള്ളവയുമുണ്ട്.
കൊളംബോയിൽ നിന്ന് ഈ മാസം ആറിനാണ് നവി മുംബൈയിലെ തുറമുഖത്തേക്ക് എം.വി. വാൻഹായ് 503 പുറപ്പെട്ടത്. ചൊവ്വാഴ്ച തീരമണയാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബി.എസ്.എം എന്ന കമ്പനിക്കാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് തുറമുഖങ്ങളിൽ ആവശ്യമായ സൗകര്യമൊരുക്കാൻ ജില്ല കലക്ടർമാർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. മെയ് 25 കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എം.എ.സ്സി എല്സ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട് കണ്ടെയ്നറുകൾ കടലിൽ ഒഴുകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

