വഴിതെറ്റിച്ചത് ഗൂഗ്ൾ മാപ്പ്; ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞത് നൂറടി താഴ്ചയിലേക്ക്
text_fieldsകാഞ്ഞാർ: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.30ന് കാഞ്ഞാർ-വാഗമൺ റോഡിൽ പുത്തേട് കണ്ണിക്കൽ സി.എസ്.ഐ പള്ളിക്ക് സമീപം കൊടുംവളവിലാണ് അപകടം. മൂന്ന് കുട്ടികൾ ഉൾപ്പെടെ 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബംഗളൂരു സ്വദേശികൾ സഞ്ചരിച്ച മിനിബസാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ എസ്. പ്രശാന്ത് (35), ടി. ഗോപാൽകൃഷ്ണ (56), സുനിൽകുമാർ (42), മഹേഷ് ഷെട്ടി (60) തേജസ്വനി (8), രാമഗൗഡ (50), ശ്രീനിവാസ് രവി (8), നാഗരാജ് (52), ചിന്മയി (14), മണി രാജു (34), എം.പി. മല്ലേഷ് (46), അഭിഷേക് (23), എസ്. രാമ (47), രാഘവേന്ദ്ര (27), പ്രകേഷ് (55), എർണ ദിലീപ് (20), മഹേന്തർ (43) ബാലചന്ദ്രൻ (37, കാർത്തിക് (21) എന്നിവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും വിശ്വനാഥ് (65), ചെന്നപ്പ (48), ഡ്രൈവർ നവീൻ (35) തുടങ്ങിയവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഗമൺ ഭാഗത്തുനിന്ന് വന്ന വാഹനം കണ്ണിക്കൽ ഇറക്കത്തിൽ എത്തിയപ്പോൾ നിയന്ത്രണംവിട്ട് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചെറുമരങ്ങൾ ഒടിച്ച് താഴോട്ട് പതിച്ച വാഹനം മറ്റൊരു മരത്തിൽ തങ്ങിനിന്നു. ഈ മരത്തിലും തങ്ങി നിന്നില്ലായിരുന്നെങ്കിൽ ബസ് വലിയ താഴ്ചയിലേക്ക് വീഴുമായിരുന്നു.
മരത്തിൽ തങ്ങിനിന്നതാണ് യാത്രക്കാർക്ക് രക്ഷയായത്. ആദ്യം നാട്ടുകാരാണ് രക്ഷാ പ്രവർത്തനത്തിന് ഓടിയെത്തിയത്. മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാഞ്ഞാർ പൊലീസും സംഭവസ്ഥലത്ത് എത്തി. താഴ്ചയിൽനിന്ന് പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ റോഡിൽ എത്തിച്ചത്. പിന്നീട് ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റി. ശബരിമല ദർശനം കഴിഞ്ഞ് പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ചശേഷം വാഗമൺവഴി വന്നവരാണ് അപകടത്തിൽപെട്ടത്.
വഴിതെറ്റിച്ചത് ഗൂഗ്ൾ മാപ്പ്
കാഞ്ഞാർ: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തെ ചതിച്ചത് ഗൂഗ്ൾ മാപ്പ്. ചൊവ്വാഴ്ച വൈകീട്ട് 3.30ന് നിലക്കൽനിന്ന് പുറപ്പെട്ട ബസ് ഗൂഗ്ൾ മാപ്പ് നോക്കി കർണാടകക്കുള്ള എളുപ്പ വഴി തേടിയതാണ് വിനയായത്. ഗൂഗ്ളിൽ കാണിച്ച വഴിയിലൂടെയാണ് വാഹനം വന്നതെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്ഷീണം മൂലം അയ്യപ്പഭക്തർ ഉറക്കത്തിലായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ വാഹനത്തിൽനിന്ന് തെറിച്ചുപോയി. ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ഹൈറേഞ്ച് റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ കൂടുതൽ ബ്രേക്ക് ഉപയോഗിച്ചാൽ ബ്രേക്ക് ലൈനറുകൾ ചൂടാകുന്നതിനും ബ്രേക്ക് നഷ്ടപ്പെടുന്നതിനും കാരണമാകും. ഈ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. ഈ കാര്യങ്ങൾ ബോധവത്കരിക്കുന്ന രീതിയിൽ കൂടുതൽ സൂചനബോർഡുകൾ പ്രദേശത്ത് സ്ഥാപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

