കെട്ടിടത്തിന് മതിയായ നഷ്ടപരിഹാരം നല്‍കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിക്ക് പിഴയിട്ടു
text_fieldsമലപ്പുറം: വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചിട്ടും മതിയായ നഷ്ടപരിഹാരം നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്‍ വിധി. യഥാര്‍ഥ നഷ്ടത്തിന് പുറമെ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്‍കാനാണ് വിധി. തിരൂരിലെ സംഗമം റസിഡന്‍സി കെട്ടിട ഉടമയാണ് പരാതിക്കാരന്‍. 2018 ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തിരൂര്‍ പുഴ നിറഞ്ഞ് മൂന്ന് ദിവസം കെട്ടിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. കുഴല്‍കിണര്‍, മോട്ടോര്‍ തുടങ്ങിയവക്ക് സാരമായ കേടുപാടുകള്‍ പറ്റി. കെട്ടിടത്തിന്‍റെ വരാന്ത വേര്‍പെട്ട നിലയിലായി. ഒരു കോടി എണ്‍പത് ലക്ഷത്തിന് ഇന്‍ഷുര്‍ ചെയ്ത കെട്ടിടത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി 4,53,928 രൂപയാണ് കമ്പനിയോട് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. ഇന്‍ഷുറന്‍സില്‍ കേവലം കെട്ടിടത്തിന്‍റെ നാശനഷ്ടങ്ങള്‍ മാത്രമേ വരൂവെന്നും മറ്റൊന്നും അനുവദിക്കാനാവില്ലെന്നും നിലപാടെടുത്ത കമ്പനി 1,42,055 രൂപ മാത്രമാണ് അനുവദിച്ചത്.
എന്നാല്‍, കെട്ടിടത്തിന്‍റെ ശരിയായ ഉപയോഗത്തിനായിട്ടുള്ള നിർമിതികളും ഉപകരണങ്ങളും കെട്ടിടത്തിന്‍റെ ഭാഗമായി കണക്കാക്കി നഷ്ടപരിഹാരം നല്കണമെന്ന് ജില്ല ഉപഭോക്തൃ കമീഷന്‍ വിധിച്ചു. ഉടമക്ക് യഥാര്‍ഥ നഷ്ടമായി 2,92,332 രൂപ കൂടിയും സേവനത്തിലെ വീഴ്ച വരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവായും അനുവദിച്ച് ജില്ല ഉപഭോക്തൃ കമീഷന്‍ വിധിയായി.
ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കിൽ പരാതി നല്കിയ തീയതി മുതല്‍ വിധിസംഖ്യക്ക് ഒമ്പത് ശതമാനം പലിശയും നല്കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ മെമ്പര്‍മാരുമായ കമീഷന്റെ ഉത്തരവില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

