ബ്രിട്ടീഷുകാർ ആലി മുസ്ലിയാരെ ജീവനോടെ തൂക്കിലേറ്റിയോ?
text_fieldsകോഴിക്കോട്: മലബാർ വിപ്ലവ നായകനായിരുന്ന ആലി മുസ്ലിയാർ ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റുംമുേമ്പ മരണപ്പെട്ടിരുന്നുവെന്ന അഭിപ്രായം വീണ്ടും ചർച്ചയാകുന്നു. ആലി മുസ്ലിയാരെ തൂക്കിലേറ്റിയത് സംബന്ധിച്ച് 1922ൽ അമേരിക്കൻ പത്രങ്ങൾ നടത്തിയ വെളിപ്പെടുത്തൽ ബുധനാഴ്ച 'മാധ്യമം' വാർത്തയാക്കിയ പശ്ചാത്തലത്തിലാണിത്. തൂക്കിലേറ്റുന്ന ദിവസം പുലർച്ചെ നമസ്കാരത്തിനിടെ ആലി മുസ്ലിയാർ മരിച്ചതായി അദ്ദേഹത്തിെൻറ പൗത്രനും ചരിത്ര പണ്ഡിതനുമായിരുന്ന എ.പി. മുഹമ്മദലി മുസ്ലിയാർ, പ്രാദേശിക ചരിത്രകാരനായ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം തുടങ്ങിയവർ നേരത്തേ രേഖപ്പെടുത്തിയിരുന്നു.
ആലി മുസ്ലിയാരുടെ മകനായ അബ്ദുല്ലക്കുട്ടി മുസ്ലിയാരോട് ഖിലാഫത്ത് വളൻറിയറായിരുന്ന മദാരി മമ്മദ് മുസ്ലിയാർ ഇക്കാര്യം പറഞ്ഞിരുന്നു. കൂടാതെ, ആലി മുസ്ലിയാരുടെ മയ്യിത്ത് പരിപാലനത്തിൽ പങ്കെടുത്ത കോയമ്പത്തൂർ സ്വദേശി സെയ്ത് മുഹമ്മദ് 1966ൽ മുഹമ്മദലി മുസ്ലിയാരോടും ഇക്കാര്യം പറഞ്ഞിരുന്നു. മുഹമ്മദലി മുസ്ലിയാർ രചിച്ച 'മലയാളത്തിലെ മഹാരഥന്മാർ' എന്ന പുസ്തകത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. കൂടാതെ, സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന യാഖൂബ് ഹസൻ സേട്ടിനെ ഉദ്ധരിച്ച് കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിെൻറ '1921ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ല്യാരും', 'ശഹീദ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി' എന്നീ പുസ്തകങ്ങളിലും ഇക്കാര്യങ്ങളുണ്ട്. ഇവ സാധൂകരിക്കുന്ന വാമൊഴി അന്ന് കോയമ്പത്തൂർ ജയിലിൽ ഉദ്യോഗസ്ഥനായിരുന്ന ആളിൽ നിന്ന് ലഭിച്ചതായി അടുത്തിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി 'മലൈബാർ സെൻറർ ഫോർ പ്രിസർവേഷൻ ഓഫ് ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസ്' ഡയറക്ടർ എ.ടി. യൂസുഫലി പറഞ്ഞു.
ആലി മുസ്ലിയാർക്കൊപ്പം ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ 12 അനുയായികളുടെ മൃതദേഹങ്ങൾ രണ്ടുതവണയായി കോയമ്പത്തൂർ ശുക്രം പേട്ട ഖബർസ്ഥാനിലാണ് മറവുചെയ്തത്. ഈ മയ്യിത്തുകൾ ഏറ്റുവാങ്ങാൻ വ്യക്തികളെ അനുവദിക്കില്ലെന്ന് ജയിലധികൃതർ അറിയിച്ചതിനെ തുടർന്ന് കോയമ്പത്തൂരിലെ മലയാളി മുസ്ലിംകൾ േചർന്ന് മലബാർ മുസ്ലിം അസോസിയേഷൻ എന്ന സംഘടന രൂപവത്കരിച്ച് അതിെൻറ നേതൃത്വത്തിലാണ് മയ്യിത്തുകൾ സംസ്കരിച്ചതെന്ന് 'ചരിത്ര പഠനങ്ങൾ' എന്ന പുസ്തകത്തിൽ ഡോ. സി.കെ. കരീം രേഖപ്പെടുത്തുന്നു. മലബാർ വിപ്ലവത്തിലെ ഓരോ സംഭവങ്ങളും കൃത്യമായ തീയതി വെച്ച് രേഖപ്പെടുത്തിയ അന്നത്തെ ഡി.എസ്.പി ഹിച്ച്കോക്കും അണ്ടർ സെക്രട്ടറി ജി.ആർ.എഫ്. ടോട്ടൻഹാമും സമര നായകനായ ആലി മുസ്ലിയാരെ തൂക്കിലേറ്റിയതിെൻറ തീയതി മാത്രം രേഖപ്പെടുത്താത്തതിൽ ദുരൂഹതയുണ്ട്. ഒപ്പം, ആലി മുസ്ലിയാരുടെ മയ്യിത്ത് വ്യക്തികൾക്ക് കൈമാറില്ലെന്ന നിലപാട് ജയിലധികൃതർ സ്വീകരിച്ചതിലും ദുരൂഹതയുണ്ട്.
ഈ പശ്ചാത്തലത്തിൽ, ജയിലധികൃതർ കൈമാറിയ മൃതദേഹങ്ങളിൽ ആലി മുസ്ലിയാരുടേത് ഉൾപ്പെട്ടിരുന്നോ എന്ന കാര്യം അവ്യക്തമാണ്. ആലി മുസ്ലിയാർക്കൊപ്പം മലബാർ വിപ്ലവത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മയ്യിത്ത്, ശേഷിപ്പുകളൊന്നുമില്ലാതെ മലപ്പുറം കോട്ടക്കുന്നിൽ ബ്രിട്ടീഷ് സർക്കാർ കത്തിച്ചു കളയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

