കോവിഡിനെ തോൽപ്പിച്ച് വധു പറന്നു; ഹെലികോപ്ടറിൽ
text_fieldsവധു ഹെലികോപ്ടറിൽ വിവാഹത്തിനായി പോകുന്നു
കട്ടപ്പന: കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ കല്യാണപ്പെണ്ണ് വരെൻറ ഇടവകയിലേക്ക് പോയത് ഹെലികോപ്ടറിൽ. ഇടുക്കി വണ്ടന്മേട്ടിൽനിന്ന് വയനാട്ടിലെ വരെൻറ വീട്ടിലേക്കായിരുന്നു ഇൗ കൗതുക യാത്ര.
വണ്ടന്മേട് ആമയാർ ആക്കാട്ടമുണ്ടയിൽ ബേബിച്ചെൻറ മകൾ മരിയയുടെയും വയനാട് പുൽപള്ളി സ്വദേശി വൈശാഖ് ടോമിയുടെയും വിവാഹം അങ്ങനെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വയനാട്ടിൽ നടക്കുന്ന കല്യാണത്തിന് വധുവും കൂട്ടരും തിങ്കളാഴ്ച രാവിലെയാണ് ഹെലികോപ്ടറിൽ പുറപ്പെട്ടത്. കല്യാണം കഴിഞ്ഞ് ഇതേ ഹെലികോപ്ടറിൽ വധുവും വരനും വൈകീട്ടോടെ വണ്ടന്മേട്ടിലെത്തി. വരെൻറ സ്ഥലമായ വയനാട്ടിലേക്ക് റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കാനാണ് ബേബിച്ചൻ ഹെലികോപ്ടർ ബുക്ക് ചെയ്തത്. തിങ്കളാഴ്ച രാവിലെ ആമയാറിൽ ഹെലികോപ്ടർ വട്ടമിട്ട് പറന്നതോടെയാണ് സംഭവം ആളറിഞ്ഞത്. ആമയാർ എം.ഇ.എസ് സ്കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്ടർ പറന്നിറങ്ങിയത്. ഒന്നേകാൽ മണിക്കൂർകൊണ്ട് വയനാട്ടിലെ വിവാഹ സ്ഥലത്തെത്തി. െചലവ് അൽപം കൂടിയാലും ചുരുങ്ങിയ സമയം കൊണ്ട് യാത്ര പൂർത്തീകരിക്കാൻ സാധിക്കുമെന്നതിനാലാണ് യാത്ര ഹെലികോപ്ടറിലാക്കിയതെന്ന് വധുവിെൻറ വീട്ടുകാർ പറയുന്നു.