വായ്പയെടുത്തയാൾ മരിച്ചു; ഇടനിലക്കാരനെ ഫൈനാൻസ് ഉടമയും സംഘവും മർദിച്ചു
text_fieldsകുഴൽമന്ദം: ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തയാൾ മരിച്ചതിനെ തുടർന്ന് വായ്പക്ക് ഇടനില നിന്നയാളെ ഫൈനാൻസ് ഉടമയും സംഘവും മർദിച്ചു. കുഴൽമന്ദം ചിതലി പഴയകളം വീട്ടിൽ പ്രമോദാണ് (45) മർദനത്തിനിരയായത്. പരിക്കേറ്റ പ്രമോദിനെ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു.
കുഴൽമന്ദത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നൽകിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആർ.സി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫും നൽകി. പലിശയിനത്തിൽ കുറച്ച് തുക സന്ദീപ് നൽകിയിരുന്നു. എന്നാൽ, നാല് മാസം മുമ്പ് സന്ദീപ് മരിച്ചു.
വായ്പാതുക തിരിച്ച് ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഫൈനാൻസ് ഉടമയും സംഘവും പ്രമോദിന്റെ വീട്ടിലെത്തി ഭാര്യ അനിതയെയും മകളെയും ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്തുണ്ടായിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പ്രമോദ് സംഘത്തെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തു. ആ സമയം ഫൈനാൻസ് ഉടമ കാറുകൊണ്ട് ഇടിച്ച് പ്രമോദിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. രക്ഷപ്പെടാൻ വേണ്ടി പ്രമോദ് കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറുകയായിരുന്നു. പ്രമോദിനെയും വഹിച്ച് കാർ 150 മീറ്ററോളം മുന്നോട്ട് പോയി. ഇതിനിടെ പ്രമോദ് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രമോദിന്റെ പരാതിയിൽ ഫൈനാൻസ് ഉടമക്കും സംഘത്തിനുമെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

