എസ്.സി കുടുംബത്തിലെ വയോധികന്റെ മൃതദേഹം പുതിയ ക്രിമറ്റോറിയത്തിൽ സംസ്കരിക്കാൻ അനുവദിച്ചില്ല; വിവാദം
text_fieldsദാമോദരൻ
റാന്നി: കൊട്ടിഗ്ഘോഷിച്ച് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന ക്രിമറ്റോറിയത്തിൽ നിർധനനായ എസ്.സി കുടുംബത്തിലെ വയോധികന്റെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചതിനെച്ചൊല്ലി വിവാദം. റാന്നി പുതുശ്ശേരിമല തേവരുപാറ സ്വദേശി ദാമോദരന്റെ (68) മൃതദേഹമാണ് സംസ്കരിക്കാൻ കഴിയാതിരുന്നത്.
ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായ ശങ്കരൻ സഖാവിന്റെ മരുമകനാണ് ദാമോദരൻ. ദുരിതത്തിൽ കഴിഞ്ഞ ദാമോദരനെ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ആംബുലൻസിൽ മൃതദേഹം നാട്ടിലെത്തിക്കാൻ പണം ഇല്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വന്നു. വിവരം അറിഞ്ഞ് വാർഡ് അംഗം വിനോദും നാട്ടുകാരും ഇടപെട്ട് മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
തുടർന്ന് പുതിയ ക്രിമറ്റോറിയത്തിൽ സംസ്കരിക്കാൻ വാർഡ് അംഗം ആവശ്യപ്പെട്ടിട്ടും തയാറായില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കി. പഴവങ്ങാടി പഞ്ചായത്തിലെ ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞേ മൃതദേഹം സംസ്കരിക്കാൻ കഴിയൂവെന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി. പിന്നീട് നാട്ടുകാർ തന്നെ പിരിവെടുത്ത് വ്യാഴാഴ്ച മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
അതേസമയം, ക്രിമറ്റോറിയത്തിലെ പരിശീലനം ലഭിച്ച ജീവനക്കാർ വെള്ളിയാഴ്ച മുതലേ ജോലിയിൽ പ്രവേശിക്കൂവെന്നും അതിനാലാണ് ബുദ്ധിമുട്ട് അറിയിച്ചതെന്നും പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. പരിചയമില്ലാത്തവരെ കൊണ്ട് ജോലി ചെയ്യിപ്പിച്ചാൽ വലിയ അപകട സാധ്യതയുമുണ്ടാകും. മൃതദേഹം ഒരു ദിവസത്തേക്ക് മോർച്ചറിയിൽവെക്കാനുള്ള തുക റാന്നി പഞ്ചായത്ത് പ്രസിഡന്റ് വഹിച്ചുകൊള്ളാമെന്ന് അറിയിച്ചതാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

