സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
text_fieldsകൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പിന്നീട് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയിൽ ഉപേക്ഷിക്കുകയായിരുന്നു. കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം പ്രായമെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് ഇത്. ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു.
എന്നാൽ ആശുപത്രി അധികൃതർക്ക് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുമായിരുന്നില്ല. പ്രസവിച്ച പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

