പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ കയറണം എന്നായിരുന്നു ബി.ജെ.പി-ആർ.എസ്.എസ് ആദ്യനിലപാടെന്ന് അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ എസ്. കൃഷ്‍ണകുമാർ. പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ട്് പിന്നീട് നിലപാട് മാറ്റുകയായിരുന്നുവെന്നും ആര്‍.എസ്.എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും എസ്. കൃഷ്‍ണകുമാർ പറഞ്ഞു.
സുപ്രീംകോടതി വിധിക്ക് പിന്നാലെ ആര്‍.എസ്.എസിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ആർ.എസ്.എസിലെ 70% പേർ സ്ത്രീകള്‍ കയറണമെന്ന അഭിപ്രായക്കാരായിരുന്നു. 30% പേര്‍ മാത്രമാണ് സ്ത്രീകൾ കയറരുതെന്ന നിലപാട് സ്വീകരിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ പഴയ നിലപാട്. വിധിക്ക് ഒരു വര്‍ഷം മുമ്പ് കെ സുരേന്ദ്രന് ഈ നിലപാട് വ്യക്തമാക്കിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.
നാമജപ ഘോഷയാത്രക്ക് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നും ബി.ജെ.പി മുൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയായ കൃഷ്‍ണകുമാർ വെളിപ്പെടുത്തി. ബി.ജെ.പി വിട്ട് കഴിഞ്ഞ ദിവസം കൃഷ്‍ണകുമാർ സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതിനുശേഷമാണ് ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.