പമ്പാ നദിയുടെ തിട്ടകൾ ഇടിഞ്ഞു നാശം വിതക്കുന്നു
text_fieldsപാണ്ടനാട്: 2018 ലെ പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂർ താലൂക്കിലെ ഗ്രാമമായ പാണ്ടനാട് ഗ്രാമ പഞ്ചായത്തിൽ പമ്പാ നദിയുടെ തീരങ്ങൾ ഇടിഞ്ഞു ഒലിച്ചു പോകുന്നു. ഒന്നാം വാർഡിൽ കുത്തിയതോട് നിവാസികളായ കുടുംബങ്ങളാണ് ഭീതിയിലും അതിലേറെ,ആശങ്കയോടെയുമാണ് കഴിയുന്നത്. ജോയി ഏബ്രഹാം താഴാംതറമാലിക്ക് ,മുളവനപ്പറമ്പിൽ മോളി വർഗ്ഗീസ് ,കൊച്ചു പറവിൽ ജോർജ് തോമസ് ,പൊന്നമ്മ വല്ലിടാത്ത് എന്നീ കുടും ബങ്ങളാണ് തീരം ഇടിച്ചിൽ ഭീഷണി നേരിടുന്നത്. ജോയി ഏബ്രഹാമിൻ്റെ നാല് സെൻ്റോളം ഭൂമി ഇടിഞ്ഞ് ആറ്റിലേക്ക് പോയി.
ഏകദേശം 15 അടിയോളം, മാത്രമാണ് ഇദ്ദേഹത്തിൻ്റെ വീടും നദിയുമായുള്ള അകലം. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും ശക്തമായ ഒഴുക്കുമാണ് തീരം ഇടിഞ്ഞ് നദിയിലേക്ക് പോകുവാൻ കാരണം .2018 ലൈ മഹാപ്രളയത്തിൻ്റെ തിക്തഫലം അനുഭവിച്ചയാളാണ് ജോയിയും കുടുംബവും.സമീപവാസികളും. തീരം സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കണമെന്നും വീടിനു ഭീഷണിയുണ്ടെന്നും കാട്ടി അധികാര കേന്ദ്രങ്ങളിൽ നിരവധി തവണ ജോയി പരാതി നൽകി.
സുരക്ഷിത ഭിത്തി നിർമ്മിക്കുവാൻ സർക്കാരിൽ നിന്നും തുക അനുവദിച്ചിട്ടുണ്ടന്ന് പിന്നീട് അറിഞ്ഞുവെങ്കിലും കരാർ ഏറ്റെടുത്ത് പണി തുടങ്ങാൻ കരാറുകാർ ആരും തന്നെ മുൻപോട്ടു വന്നില്ല എന്ന് ജോയി പറഞ്ഞു. അത് കാരണം സംരക്ഷണഭിത്തിയെന്നത് ഒരു സ്വപ്നം പോലെ അവശേഷിക്കുകയാണിപ്പോഴും. ഇതിനിടയിൽ മഹാപ്രളയം എടുത്ത തീരത്ത് ജോയി 25 ലോഡ് കല്ല് തൻ്റെ കീശയിൽ നിന്നും പണം മുടക്കി പാകി. പശുവളർത്തലും മത്സൃ ബന്ധനവുമാണ് ജോയിയുടെ പ്രധാന തൊഴിൽ ഇതിൽ നിന്നും സ്വരൂപിച്ചു കൂട്ടിയ പണവും ബാക്കി സ്വർണ്ണം പണയ പെടുത്തിയുമാണ് കല്ല് ഇറക്കിയത്.
എങ്കിലും തുടർ വർഷങ്ങളിൽ ഉണ്ടായ പ്രളയം തീരം ഉൾപ്പെടെ കല്ലും ഇടിഞ്ഞ് നദിയിലേയ്ക്ക് പോകുന്ന അവസ്ഥയാണ്. സാധുക്കളായ ബാക്കി കുടുംബങ്ങളുടെയും അവസ്ഥ മറ്റൊന്നല്ല. കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ തുടർച്ചയായ മഴയും വെള്ളപ്പൊക്കവും ഈ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തി. ഓരോ തവണ വെള്ളം കയറി ഇറങ്ങുമ്പോഴും തീരം ഇടിഞ്ഞു നദിയിലേക്ക് പോകുന്നത് നിസഹായതയോടെ നോക്കി നിൽക്കാനെ ഇവർക്ക് കഴിയുന്നുള്ളു. എത്രയും വേഗം തീരം കെട്ടി തങ്ങളുടെ വീടിനും കുടുംബത്തിനും സുരക്ഷ ഒരുക്കണമെന്നാണ് അധികാരികളോട് ഇവർക്ക് പറയുവാനുള്ളത്.