50 രൂപയെ ചൊല്ലി തർക്കം; ബേക്കറി അടിച്ചുതകർത്തു
text_fieldsആമ്പല്ലൂർ (തൃശൂർ): വരന്തരപ്പിള്ളി പൗണ്ടിൽ കീറി ഒട്ടിച്ച 50 രൂപ നോട്ട് മാറ്റിനൽകണമെന്ന് പറഞ്ഞതിനെ തുടർന്ന് സാധനങ്ങൾ വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു. പൗണ്ട് സെന്ററിൽ പ്രവർത്തിക്കുന്ന ‘ശങ്കര സ്നാക്സ്’ എന്ന കടയിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. 70 രൂപയുടെ സാധനങ്ങൾ വാങ്ങിയയാൾ നൽകിയ നോട്ടുകളിലുണ്ടായിരുന്ന 50 രൂപയുടേത് കീറി ഒട്ടിച്ച നിലയിലായിരുന്നു. ഇത് മാറ്റി നൽകണമെന്ന് കടയുടമ പറഞ്ഞതോടെ കുറച്ചുകഴിഞ്ഞ് വരാമെന്നു പറഞ്ഞ് വാങ്ങിയ സാധനങ്ങൾ എടുക്കാതെ ഇയാൾ മടങ്ങുകയായിരുന്നു.
രണ്ടു മണിക്കൂറിനുശേഷം മദ്യലഹരിയിൽ എത്തിയ ഇയാൾ കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചില്ലലമാരകൾ തകർക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. ആക്രമണദൃശ്യങ്ങൾ കടയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വരന്തരപ്പിള്ളി പൊലീസ് ഇയാളെ പിടികൂടിയെങ്കിലും വിട്ടയച്ചു. ഏകദേശം നാലു ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി പറയുന്നു. കടയുടമ മണ്ണുത്തി സ്വദേശി വേങ്ങത്താനത്തിൽ വിനോദ് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

