തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിെൻറ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി നടന്നതിെൻറ രേഖകൾ പുറത്ത്. കുഞ്ഞിെൻറ പിതാവിെൻറ പേരും മേല്‍വിലാസവും തെറ്റായാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിതാവ് അജിത്തിെൻറ പേരിന് പകരം ജയകുമാര്‍ എന്നാണ് സർട്ടിഫിക്കറ്റിൽ നല്‍കിയിരിക്കുന്നത്.
കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്ത്. എന്നാല്‍, ജനനസര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേല്‍വിലാസമാണ്. കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ 2020 ഒക്ടോബര്‍ 19ന് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.
അവിടെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പഞ്ചായത്ത് നല്‍കിയ ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മാതാവിെൻറ പേരിെൻറ സ്ഥാനത്ത് അനുപമ എസ്. ചന്ദ്രന്‍ എന്ന് കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണവുമായി സർക്കാറും പൊലീസും
കുഞ്ഞിനെ മാതാവിൽനിന്ന് വേർപെടുത്തി ദത്ത് നൽകിയ സംഭവത്തിൽ ഒടുവിൽ അന്വേഷണവുമായി സർക്കാറും പൊലീസും കമീഷനുകളും. വകുപ്പുതല അേന്വഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വീണജോർജ് വ്യക്തമാക്കിയപ്പോൾ വനിതകമീഷന് പിന്നാലെ സംസ്ഥാന ബാലാവകാശ കമീഷനും കേസെടുത്തു. മാസങ്ങൾക്ക് മുമ്പ് നൽകിയ പരാതിയിൽ കഴിഞ്ഞദിവസം മാത്രം കേസ് രജിസ്റ്റർ ചെയ്ത െപാലീസും അന്വേഷണം ആരംഭിച്ചു. ശിശുക്ഷേമ സമിതിയിൽനിന്നുൾപ്പെടെ വിശദാംശങ്ങൾ തേടി.
വനിത ശിശുക്ഷേമവകുപ്പ് സെക്രട്ടറിക്ക് അന്വേഷണ ചുമതല നൽകിയെന്ന് വ്യക്തമാക്കിയ മന്ത്രി വീണ ജോർജ്, കുട്ടിയെ ദത്ത് നൽകിയതുൾപ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു. എഴുതിക്കിട്ടിയ പരാതിയുണ്ടെങ്കിലേ നടപടി സ്വീകരിക്കാനാകൂവെന്ന സി.ഡബ്ല്യു.സി ചെയർപേഴ്സെൻറ വാദവും മന്ത്രി തള്ളി.
സ്ത്രീകളുടെ വിഷയത്തിൽ വാട്സ്ആപ് സന്ദേശം ആണെങ്കിൽ പോലും പരാതി സ്വീകരിക്കാം. മാതാവിന് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യം. ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചുനൽകൂവെന്നാണ് മനസ്സിലാകുന്നത്. അവിടെ മാതാവിന് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ ഡി.എൻ.എ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ബാലാവകാശ കമീഷനും കേസെടുത്തത്. പേരൂർക്കട പൊലീസ്, സിറ്റി പൊലീസ് കമീഷണർ, ഡി.ജി.പി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, സി.ഡബ്ല്യു.സി ചെയർപേഴ്സൻ സുനന്ദ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവർക്ക് കമീഷൻ നോട്ടീസും നൽകി. സംഭവത്തിൽ ഒക്ടോബർ 30നകം വിശദീകരണം നൽകണം. ബാലാവകാശ കമീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടിേൻറതാണ് നടപടി.
മാസങ്ങളായി ഒളിച്ചുകളി തുടർന്ന പൊലീസും ഒടുവിൽ അന്വേഷണം തുടങ്ങി. വിഷയത്തിൽ ശിശുക്ഷേമ സമിതിയുടെ വിശദീകരണം പൊലീസ് തേടി. സി.ഡബ്ല്യു.സിയുമായി ബന്ധപ്പെട്ടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങും വഴി ജഗതിയില്‍ വെച്ച് തെൻറ മാതാപിതാക്കൾ ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ അനുപമയുടെ പരാതി. ഏപ്രില്‍ 19ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡി.ജി.പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി, സി.പി.എം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നതുവരെ എല്ലാവരും കണ്ണടച്ചു. ഇപ്പോഴാണ് വിഷയം വീണ്ടും ചൂടുപിടിക്കുന്നത്. കുട്ടിയെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് അനുപമ നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്താൻ ഒരുങ്ങുകയാണ്.
ദത്തിെൻറ വിവരങ്ങൾ കൈമാറാനാകില്ലെന്ന് ശിശുക്ഷേമസമിതി
കുട്ടിയെ ദത്ത് നൽകിയത് സംഭവിച്ച വിവരങ്ങൾ പൊലീസിന് കൈമാറാനാകില്ലെന്ന നിലപാടിൽ സംസ്ഥാന ശിശുക്ഷേമസമിതി. പൊലീസ് വിശദാംശങ്ങൾ തേടിയപ്പോഴായിരുന്നു ഇൗ മറുപടി. എന്നാൽ ഇത് സംബന്ധിച്ച പരാതി നിലനിൽക്കുന്നതിനാൽ ശിശുക്ഷേമ സമിതിക്ക് വിശദാംശങ്ങൾ കൈമാറേണ്ടിവരുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.