അടിമാലി: അതിഥി തൊഴിലാളികളായ ദമ്പതികളുടെ 7 മാസം പ്രായമായ മകനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ പ്രവീൺകുമാർ -ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. രാജാക്കാട് സ്വദേശി പുളിക്കൽ തങ്കച്ചന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നവരാണ് ഈ ദമ്പതികൾ.
ഇന്നലെ രാവിലെ കുട്ടിയെ തൊട്ടിലിൽ ഉറക്കി കിടത്തിയ ശേഷം ഇവർ ജോലിക്കു പോയി. ഇവർ ജോലിക്കു പോകുമ്പോൾ ബന്ധുവായ 7 വയസുകാരിയാണ് കുട്ടിയെ നോക്കുന്നത്. ഇന്നലെ ഉച്ചയായിട്ടും കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി സമീപത്തു താമസിക്കുന്ന തങ്കച്ചന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു.
തുടർന്ന് വീട്ടുകാർ രാജാക്കാട് പൊലിസിനെ വിവരമറിയിച്ചു. കുട്ടിയെ രാജാക്കാടുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് രാജാക്കാട് പൊലീസ് പറഞ്ഞു.