ട്രാക്കുണർന്നു; അത്‌ലറ്റിക് മീറ്റിന് ജില്ല സ്റ്റേഡിയത്തില്‍ തുടക്കം
text_fieldsആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സുധീഷ് ഒന്നാമതെത്തുന്നു
കല്‍പറ്റ: ജില്ല അത്‌ലറ്റിക്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലതല അത്‌ലറ്റിക് മീറ്റിന് എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ തുടക്കമായി. അന്തർദേശീയ നിലവാരത്തിലുള്ള മരവയലിലെ ജില്ല സ്റ്റേഡിയം സെപ്റ്റംബർ 26ന് ഉദ്ഘാടനം ചെയ്തശേഷമുള്ള ആദ്യത്തെ കായികമത്സരമാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അത്‌ലറ്റിക്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 600 കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു ഉദ്ഘാടനം നിര്‍വഹിച്ചു. എ.ഡി. ജോൺ അധ്യക്ഷത വഹിച്ചു.
അത്‌ലറ്റിക്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് സി. പി. സജി പതാക ഉയർത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ. ടി. ഷൺമുഖൻ, ലൂക്കാ ഫ്രാൻസിസ്, എൻ. സി. സാജിദ്, സജേഷ് മാത്യു, വി. വി. യോയാക്കി എന്നിവർ സംസാരിച്ചു.
കായിക മത്സരയിനങ്ങളായ 10000 മീറ്റര്‍ നടത്തം, 60 മീറ്റര്‍ ഓട്ടം, ഡിസ്‌കസ് ത്രോ, ഷോട്പുട്ട്, ജാവലിന്‍, ലോംഗ് ജംപ് എന്നീ മത്സരയിനങ്ങളാണ് വ്യാഴാഴ്ച നടന്നത്.
ആദ്യദിനം 63 മത്സരങ്ങൾ പൂർത്തിയായപ്പോൾ 60 പോയന്റുമായി കാട്ടിക്കുളം സ്‌പോര്‍ട്‌സ് അക്കാദമിയാണ് മുന്നില്‍. 28 പോയന്റുമായി പനമരം ക്രസന്റ് പബ്ലിക് സ്‌കൂള്‍ രണ്ടാമതും 20 പോയന്റുമായി ജില്ല സ്‌പോര്‍ട്‌സ് അക്കാദമി മൂന്നാമതും 17 പോയിന്റുമായി തൃശ്ശിലേരി ജി.എച്ച്.എസ്.എസ് നാലാം സ്ഥാനത്തുമാണ്.
ആദ്യ ദിനം നടത്തിയ ആണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ എം. സുധീഷ് മീറ്റിലെ വേഗ താരമായി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ആനപ്പാറ ജി. എച്ച് എസ് എസിലെ അരുണിമ ഒന്നാമതായി.
വ്യാഴാഴ്ച രാവിലെ പതിനായിരം മീറ്റർ ആൺകുട്ടികളുടെ നടത്തതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. വടുവഞ്ചാല്‍ ജി എച്ച് എസ് എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥി ജെറിക് ജോര്‍ജ് ആണ് സ്റ്റേഡിയത്തിലെ ആദ്യ മത്സരമായ പതിനായിരം മീറ്റർ നടത്തത്തിലെ വിജയി.
വടുവഞ്ചാല്‍ കോട്ടൂര്‍ കാരോട്ടേക്കുന്നേല്‍ ജോര്‍ജ്-ബീന ദമ്പതികളുടെ മകനാണ്. സഹോദരി ജോന. കായികാധ്യാപകന്‍ വി റഫീഖിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. അത്‌ലറ്റിക് മീറ്റ് വെള്ളിയാഴ്ച സമാപിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ. റഫീഖ് സമ്മാന ദാനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

