നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി വെള്ളിയാഴ്ച
text_fieldsതിരുവനന്തപുരം: പേട്ടയിൽ നാടോടി കുടുംബത്തിനൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. നിരവധി പോക്സോ കേസുകളിൽ പ്രതിയും ആറ്റിങ്ങൽ ഇടവ സ്വദേശിയുമായ ഹസ്സൻകുട്ടി (45) ആണ് കേസിലെ പ്രതി. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. പ്രതിക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും
വധശ്രമം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിൽ ബലാത്സംഗം അടക്കം അഞ്ച്, ആറ്, ഏഴ് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ക്രൂരകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്ന് പ്രതി കോടതിയിൽ പറഞ്ഞു.
2024 ഫെബ്രുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ബ്രഹ്മോസിന് സമീപം ഹൈദരാബാദ് സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം ടെന്‍റിൽ ഉറങ്ങികിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പീഡിപ്പിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
ബ്രഹ്മോസിലെ സി.സി.ടിവി കാമറകളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കിട്ടിയ മുടി കുട്ടിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടിൽ നിന്ന് അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തിയത്.
നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രതി കൊല്ലം ആയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയത്. തുടർന്ന് ആലുവയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു. അവിടെ നിന്നും തിരുവനന്തപുരം ചാക്കയിലെത്തിയ പ്രതി നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവ ശേഷം ആലുവയിലേക്ക് മടങ്ങിയ പ്രതി ജോലി ചെയ്യുന്ന ഹോട്ടലിന് നിന്ന് അവധിയെടുത്ത് പഴനിക്ക് പോയി. പഴനിയിൽ നിന്ന് തല മുണ്ഡനം ചെയ്ത് മടങ്ങിവരവെ കൊല്ലത്ത് വെച്ചാണ് പേട്ട പൊലീസ് പിടികൂടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

