ജയിൽ ചാടിയ പ്രതി ഷർട്ടും മുണ്ടും ധരിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ, സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു; ട്രെയിൻ കയറിയതായി സൂചന
text_fieldsകോട്ടയം ജില്ലാ ജയിൽ ചാടിയ പ്രതി അമിനുൽ ഇസ്‌ലാം തൊട്ടടുത്തുള്ള വിജിലൻസ് ഓഫിസിന്റെ മുറ്റത്തുകൂടി പുറത്തേക്ക് പോകുന്നു, ജയിൽ അധികൃതർ പുറത്തുവിട്ട ദൃശ്യം
കോട്ടയം: ജില്ല ജയിലിൽനിന്ന് കടന്നുകളഞ്ഞ അസം സ്വദേശിയായ മൊബൈൽ മോഷണക്കേസ് പ്രതി കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയതായി സൂചന. ഷർട്ടും മുണ്ടും ധരിച്ച് സ്റ്റേഷനിലെത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഷർട്ട് എവിടെനിന്ന് ലഭിച്ചെന്നോ എങ്ങനെ റെയിൽവേ സ്റ്റേഷനിലെത്തിയെന്നോ വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് ജയിൽ സൂപ്രണ്ട് വി.ആർ. ശരത് അറിയിച്ചു.
മധ്യമേഖല ഡി.ഐ.ജി ടി.ആർ. രാജീവ് ചൊവ്വാഴ്ച രാവിലെ ജില്ല ജയിലിൽ പരിശോധന നടത്തി. സൂപ്രണ്ടിൽനിന്നും മറ്റ് ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ജയിൽ ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ ഡി.ഐ.ജിയിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. വിഷയത്തിൽ സൂപ്രണ്ട് അടക്കം ഉദ്യോഗസ്ഥർക്കെതിരെ നടപടിവന്നേക്കും.
ശനിയാഴ്ചയാണ് റെയിൽവേ പൊലീസ് പിടികൂടിയ അമീനുൽ ഇസ്ലാമിനെ റിമാൻഡ് ചെയ്ത് ജയിലിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം സൂപ്രണ്ടിനുമുന്നിൽ വെരിഫിക്കേഷൻ നടത്തി സെല്ലിലേക്ക് മടങ്ങുന്നതിനിടയിലാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽ ചാടി കടന്നത്. കറുത്ത മുണ്ട് മാത്രമായിരുന്നു വേഷം.
കലക്ടറേറ്റ്, വിജിലൻസ് ഓഫിസ്, എസ്.പി ഓഫിസ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എന്നിവയടക്കം സ്ഥിതിചെയ്യുന്ന സുപ്രധാന മേഖലയിൽനിന്നാണ് പ്രതി ചാടിപ്പോയത്. ഉടൻ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദ് പറഞ്ഞു. മൂന്നുവർഷം മുമ്പ് കൊലക്കേസ് പ്രതി ജില്ല ജയിലിന്‍റെ മതിൽ ചാടി കടന്നെങ്കിലും മണിക്കൂറുകൾക്കകം പിടികൂടാനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

