മലയാളി റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതിയെ കുടുക്കിയത് ധരിച്ചിരുന്ന ചെരിപ്പും പാൻറും
text_fields1. മലയാളി ജീവനക്കാരി ആക്രമിക്കപ്പെട്ട റെയിൽവേ ക്രോസ് 2. അറസ്റ്റിലായ പ്രതി
പുനലൂർ: തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പുനലൂർ വെഞ്ചേമ്പ് സ്വദേശി അനീഷിനെ കുടുക്കിയത് ധരിച്ചിരുന്ന ചെരിപ്പും പാൻറും. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടു മണിക്കുള്ള ഡ്യൂട്ടിക്കായാണ് യുവതി ഗേറ്റ് റൂമിൽ എത്തിയത്. സാധാരണ രാത്രി ഡ്യൂട്ടിക്ക് വരുമ്പോൾ ഭർത്താവും കൂടെ വരാറുണ്ടായിരുന്നു. എന്നാൽ, സംഭവ ദിവസം യുവതി ഒറ്റക്കാണ് എത്തിയത്. റൂമിലെത്തി ആഹാരം കഴിച്ച ശേഷം സ്റ്റേഷൻ മാസ്റ്ററുമായി ഫോണിൽ ബന്ധപ്പെട്ടു. ശേഷം റൂമിൽ വിശ്രമിക്കുമ്പോഴായായിരുന്നു യുവാവിന്‍റെ ആക്രമണം.
റൂമിന്‍റെ തുറന്നുകിടന്ന ഒരു വാതിലിലൂടെ അകത്ത് കടന്ന് യുവതിയെ കടന്നുപിടിച്ചു. മോഷണ ശ്രമമാണെന്ന് കരുതി കൈവശമുള്ള സ്വർണാഭരണം തരാം ആക്രമിക്കരുതെന്ന് നിലവിളിച്ച് പറഞ്ഞെങ്കിലും അക്രമി വിടാൻ തയാറായില്ല. ക്രൂരമായി മർദിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. എന്നാൽ, യുവതി ധൈര്യം കൈവരിച്ച് അക്രമിയെ തള്ളിമാറ്റി നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ അക്രമി പുറത്തേക്ക് ഓടി രക്ഷപെട്ടെങ്കിലും ഒരു ചെരിപ്പ് കാലിൽ നിന്ന് ഊരിപ്പോയി. പെയിൻറ് പുരണ്ട ഈ ചെരിപ്പ് പിന്തുടർന്ന് സമീപത്ത് പാലം പണിയിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
എന്നാൽ, യുവതിയുടെ മൊഴിയും സമീപത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പരിശോധിച്ച് അക്രമി കാക്കി പാൻറാണ് ധരിച്ചിരുന്നതെന്ന് ഉറപ്പിക്കാനായത് നിർണായകമായി. സമീപങ്ങളിലെ കാമറകളിൽ നിന്ന് അന്നത്തെ ദിവസം കാക്കി പാൻറ് ധരിച്ചിരുന്നവരെ മുഴുവൻ പേരെയും പൊലീസ് കണ്ടെത്തി. ഒപ്പം പരിസരങ്ങളിലെ നിർമാണ ജോലി സൈറ്റുകളിൽ നിന്ന് ഏതെങ്കിലും തൊഴിലാളികൾ ഇവിടം വിട്ടുപോയോയെന്ന അന്വേഷണമാണ് അനീഷിൽ ചെന്നെത്തിച്ചത്.
പെയിൻറിങ് തൊഴിലാളിയായ ഇയാളുടെ മൊബൈൽ ടവറുകൾ നിരീക്ഷിച്ച് ഞായറാഴ്ച പിടികൂടുകയായിരുന്നു. മുമ്പ് ബലാത്സംഗ കേസിൽപെട്ട് ഏറെക്കാലം റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പാവൂർഛത്രത്തിൽ എത്തി പെയിൻറിങ് ജോലിയിൽ ഏർപ്പെടുകയായിരുന്നു. ഒറ്റക്ക് കാണുന്ന സ്ത്രീകളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

