വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയത് വീട്ടുകാരെ വിശ്വസിപ്പിക്കാനെന്ന് പ്രതി
text_fieldsകടയ്ക്കൽ: നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കാനാണ് വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയതെന്ന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സമിഖാൻ ചിതറ പൊലീസിന് മൊഴി നൽകി. വ്യാജരേഖ തയാറാക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും മൊബൈൽ ഫോണിൽ പിക്സ് ആർട്ട് ആപ് ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്തതാണെന്നും പറഞ്ഞു. ബുധനാഴ്ച രാത്രിമുഴുവൻ ചോദ്യം ചെയ്തപ്പോഴും പൊലീസിന് മുന്നിൽ ഒന്നും തുറന്നുപറയാൻ തയാറാകാതിരുന്ന പ്രതി, വ്യാഴാഴ്ച രാവിലെ കുറ്റം സമ്മതിക്കുകയായിരുന്നു. സ്കോർ ഷീറ്റിൽ വരുത്തിയ ഒമ്പത് തിരുത്തലും സമിഖാൻ പൊലീസിന് കാണിച്ചു കൊടുത്തു. യഥാർഥ സ്കോർ ഷീറ്റിലുള്ള നമ്പരുകളുടെ അവസാന നമ്പർ ഒഴിവാക്കിയാണ് വ്യാജ സ്കോർ ഷീറ്റ് തയാറാക്കിയത്. തുടർന്ന് മടത്തറയിലെ അക്ഷയ കേന്ദ്രത്തിലെ മൊബൈൽ ഫോണിലേക്ക് ഇയാൾ പി.ഡി.എഫ് ഫയലാക്കി അയച്ചുകൊടുത്ത് പ്രിന്റ് വാങ്ങുകയായിരുന്നത്രെ.
റിമാൻഡിലായിരുന്ന സമിഖാനെ കൂടുതൽ ചോദ്യംചെയ്യാൻ ബുധനാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കോടതി അനുവദിച്ച കസ്റ്റഡി കാലാവധി വ്യാഴാഴ്ച തീരുന്നതിനാൽ സമിഖാനെ അക്ഷയ സെന്ററിലടക്കം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുത്തു. നീറ്റ് പരീക്ഷയുടെ വ്യാജ മാർക്ക് ലിസ്റ്റ് തയാറാക്കിയതിന് കഴിഞ്ഞ മാസം 29നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനും മടത്തറ സ്വദേശിയുമായ സമിഖാനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

