പ്രതികൾ തന്നെയാണ് മകനെ കൊന്നത് -മധുവിന്‍റെ അമ്മ
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ അമ്മ മല്ലി, സഹോദരിയുടെ ഭർത്താവ് മുരുകൻ എന്നിവരുടെ വിചാരണ പൂർത്തിയായി.മധുവിന്‍റെ മരണം മുരുകൻ പറഞ്ഞാണ് അറിഞ്ഞതെന്നും കാട്ടിൽ കയറിപ്പോയവരാണ് മകനെ കൊന്നതെന്നും മല്ലി കോടതിയെ അറിയിച്ചു. കാട്ടിൽവെച്ച് മധുവിന്‍റെ തലക്ക് മർദനത്തിൽ പരിക്കേറ്റെന്ന് കാട്ടിലുള്ളവർ പറഞ്ഞിരുന്നു. നിലവിലെ പ്രതികളാണ് മധുവിനെ കൊന്നതെന്ന് ഉറപ്പാണ്. താൻ കണ്ടിട്ടില്ല. കാട്ടിലുള്ള ഞങ്ങളുടെ ആൾക്കാർ പറഞ്ഞുകേട്ടിട്ടുണ്ടെന്ന് പറഞ്ഞ മല്ലി വിസ്താരത്തിനിടെ പലപ്പോഴും കരഞ്ഞു.
പ്രതിഭാഗം അഭിഭാഷകരോട് സത്യം മാത്രമേ ചോദിക്കാവൂവെന്ന് പറഞ്ഞ് കലഹിക്കുകയും ചെയ്തു. മധുവിനെ പാലക്കാട് കോടതി മൂന്നു മാസത്തേക്ക് ശിക്ഷിച്ച വിവരം അറിയാമായിരുന്നോയെന്ന ചോദ്യത്തിന് അറിയില്ലെന്നും മധു മാനസിക അസ്വസ്ഥതയുള്ളയാളായിരുന്നെന്നും കാട്ടിലായിരുന്നു താമസമെന്നുമായിരുന്നു മറുപടി.
മധുവിനെതിരെ മോഷണക്കേസുകൾ ഉള്ളതായി അറിയുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകി. മധു മരിച്ചതുകൊണ്ടല്ല മകൾക്ക് പൊലീസിൽ ജോലി കിട്ടിയത്. മരിക്കുന്നതിന് മുമ്പുതന്നെ പരീക്ഷ കഴിഞ്ഞതാണ്. മധുവിനെ വീട്ടിൽ കയറ്റിയിരുന്നില്ലെന്നും വിവിധ സ്ഥലങ്ങളിൽനിന്ന് പണം കിട്ടാനാണ് കേസ് നടത്തുന്നതെന്നും പ്രതിഭാഗം പറഞ്ഞപ്പോൾ നിങ്ങൾ നുണ പറയുകയാണെന്ന് മല്ലി പറഞ്ഞു. മധുവിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്നും ചികിത്സ നൽകിയിരുന്നെന്നും സഹോദരിഭർത്താവ് കോടതിയിൽ പറഞ്ഞു. സഹോദരി ചന്ദ്രികയെ വിചാരണ ചെയ്യേണ്ടെന്ന് തീരുമാനിച്ചു. മല്ലിയുടെതിന് സമാനമായ മൊഴിയായതിനാലാണ് ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

