6720 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസിലെ മുഖ്യ പ്രതികൾ പിടിയിൽ
text_fieldsഅഖിൽ വിജയൻ, അർജുൻ അജയൻ
കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയിൽ നിന്ന് 6720 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. ഉണിച്ചിറയിൽ സ്പിരിറ്റ് സൂക്ഷിക്കുന്നതിന് ഗോഡൗൺ വാടകക്കെടുത്ത കേസിലെ രണ്ടാം പ്രതി മാവേലിക്കര പെരിങ്ങാല നടക്കാവിൽ അഖിൽ വിജയൻ (35) ഗോഡൗണിലെ ജോലിക്കാരനും അഖിലിന്‍റെ സഹായിയുമായ കേസിലെ മൂന്നാം പ്രതി ആലപ്പുഴ കാർത്തികപ്പള്ളി കൃഷ്ണപുരം പുള്ളിക്കണക്ക് പതിയാരത്ത് ലക്ഷം വീട്ടിൽ അർജുൻ അജയൻ (25) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണർ ബി. ടെനിമോന്‍റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ടീമാണ് ഇവരെ പിടികൂടിയത്. ഒന്നാം പ്രതി അജിത്, സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമസ്ഥരായ മീനച്ചിൽ കടനാട് നീലൂർ മറ്റത്തിപ്പാറ സ്വദേശി മഞ്ഞക്കുന്നേൽ ആന്‍റണി എന്ന ഷാജൻ, തൊടുപുഴ കാരിക്കോട് ഇടവെട്ടി അഞ്ചുകണ്ടത്തിൽ വീട്ടിൽ നിബു സെബാസ്റ്റിൻ, സ്പിരിറ്റ് കടത്താൻ പണം നൽകിയ മീനച്ചിൽ മേലുകാവ് തുണ്ടിയിൽ വീട്ടിൽ തോമസ് ജോർജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഗോഡൗൺ വാടക്ക് എടുത്തിരുന്ന അഖിൽ വിജയൻ പിടിയിലായതോടെ കേസിൽ വഴിത്തിരിവായി. ടോറസ് ലോറിയിൽ വൻതോതിൽ സ്പിരിറ്റ് എത്തിച്ചിരുന്നത് രാജ് മണികണ്ഠൻ എന്ന മൈസൂരു സ്വദേശിയാണെന്ന് സൂചന ലഭിച്ചു. ഇയാൾക്കായുള്ള അന്വേഷണം മൈസൂരുവിലേക്ക് വ്യാപിക്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

