സി.സി.ടി.വിയും ചതിച്ചു; സി.പി.എം സമ്മർദം ഫലിച്ചില്ല; വധശ്രമ കേസിലെ പ്രതികളെ പൊലീസ് ജയിലിൽ അടച്ചു
text_fieldsകായംകുളം: ജാമ്യക്കാരനായി എത്തിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ വധശ്രമ കേസിലെ പ്രതികളെ അകത്താക്കിയ പൊലീസ് നടപടിയിൽ പകച്ച് സി.പി.എം നേതൃത്വം. കഴിഞ്ഞദിവസം പ്രതാംഗമൂടിന് സമീപമുണ്ടായ അക്രമത്തിലെ ഇടപെടലാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. സംഭവത്തിൽ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കരീലക്കുളങ്ങര സ്വദേശി അബിൻഷ, ജിഷ്ണു വാവ, ഉജയ്, ജിഷ്ണു എന്നിവരാണ് റിമാൻഡിൽ പോയത്.
11 ന് രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ചേരാവള്ളി എസ്.കെ മൻസിലിൽ മെഹബൂബ് (26), സുഹൃത്ത് അഫ്സലുമായി സ്കൂട്ടറിൽ വരവെ തടഞ്ഞുനിർത്തി അക്രമിച്ചതാണ് കാരണം. മൂന്ന് ബൈക്കുകളിലായി എത്തിയ ഒമ്പതംഗ സംഘമാണ് വടിവാൾ, കമ്പിവടി എന്നിവയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഴിഞ്ഞാടിയത്.
എം.എസ്.എം കോളജിൽ നേരത്തെ എസ്.എഫ്.ഐയിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിലെ ചിലരെ തേടി എത്തിയ സംഘം ആളുമാറി മെഹബൂബിന് നേരെ തിരിയുകയായിരുന്നു. കമ്പിവടികൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ വാഹനം വെട്ടിച്ച് വീണും മെഹബൂബിനും അഫ്സലിനും പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ അബിൻഷ, ജിഷ്ണുവാവ എന്നിവരെ തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത്തു.
കൂട്ടുപ്രതികളായി തങ്ങളും അകത്ത് പോകുമെന്ന് കണ്ടതോടെ ജിഷ്ണുവും ഉജയും പാർട്ടി നേതൃത്വത്തിന്‍റെ പിന്തുണ തേടി. തുടർന്ന് നിരപരാധികളാണെന്ന് പൊലീസിനെ ബോധ്യപ്പെടുത്താൻ പത്തിയൂർ മേഖലയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് ഒപ്പം 12ന് വൈകിട്ട് ഇവർ സ്റ്റേഷനിൽ എത്തി. എന്നാൽ സി.സി.ടി.വി പരിശോധനയിൽ സംഭവ സ്ഥലത്ത് ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ രണ്ടു പേരെയും തന്ത്രപൂർവം പൊലിസ് അകത്തേക്ക് മാറ്റി.
തുടർന്ന് പലതരത്തിലുള്ള സമ്മർദമുണ്ടായെങ്കിലും വഴങ്ങാൻ പൊലീസ് തയാറായില്ല. ഇതിനിടെ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും ചില ‘ക്വട്ടേഷൻ'' സുഹൃത്തുക്കൾ രംഗത്തിറങ്ങിയെങ്കിലും ഇതും ഫലം കണ്ടില്ല. ബാഹ്യസമ്മർദ്ദത്താൽ പരാതിയില്ലെന്ന് പ്രധാന സാക്ഷി കോടതിയിൽ അറിയിച്ചെങ്കിലും ഇതും പാളുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും പൊലീസ് റിപോർട്ട് അംഗീകരിച്ച് റിമാൻഡ് ചെയ്തതോടെ പാർട്ടിയാണ് പ്രതിരോധത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

