അഭയകേസ് പ്രതികൾ സ്റ്റേഷനിലെത്തി ഒപ്പിട്ടു
text_fieldsകോട്ടയം: സിസ്റ്റർ അഭയ കേസിൽ ജാമ്യത്തിലിറങ്ങിയ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജാമ്യവ്യസ്ഥയനുസരിച്ച് ശനിയാഴ്ച രാവിലെ 11ഓടെ സ്റ്റേഷനിലെത്തിയ പ്രതികളായ ഇരുവരും ഒപ്പിട്ടശേഷം മടങ്ങി. ആദ്യം ഫാ. കോട്ടൂരാണ് വന്നത്. പിന്നാലെ സെഫിയുമെത്തി. അഭിഭാഷകരടക്കമുള്ളവരും ഒപ്പമുണ്ടായിരുന്നു.
ആറുമാസത്തേക്ക് എല്ലാ ശനിയാഴ്ചകളിലും സി.ബി.ഐ ഓഫിസിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ച ഇരുവരും എറണാകുളം സി.ബി.ഐ ഓഫിസിലെത്തിയിരുന്നെങ്കിലും ആശയക്കുഴപ്പംമൂലം ഒപ്പിടാൻ കഴിഞ്ഞില്ല.
ഏത് അന്വേഷണഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇത് ചൂണ്ടിക്കാട്ടിയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സെഫി ഹൈകോടതിയെ സമീപിച്ചു.
ഇതോടെ കോട്ടയം വെസ്റ്റ് പൊലീസിൽ ഹാജരാകാൻ അനുമതി നൽകുകയായിരുന്നു. പ്രതികൾ ഹാജരായില്ലെങ്കിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ബി.ഐയെ അറിയിക്കണമെന്നും നിർദേശിച്ചു. ഇതനുസരിച്ചാണ് ഇരുവരും വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് മുന്നിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

