മാധ്യമം എംപ്ലോയീസ് യൂനിയൻ മുപ്പതാം വാർഷികാഘോഷത്തിന് തുടക്കം
text_fieldsമാധ്യമം എംേപ്ലായീസ് യൂനിയൻ മുപ്പതാം വാർഷികാഘോഷ ലോഗോയുടെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു
തിരുവനന്തപുരം: മാധ്യമം എംപ്ലോയീസ് യൂനിയൻ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വാർഷികാഘോഷ ലോഗോയുടെ പ്രകാശനം തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മന്ത്രിക്ക് യൂനിയന്റെ ഉപഹാരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹമീദും വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ റെജി ആന്റണിയും ചേർന്ന് കൈമാറി. തിരുവനന്തപുരം യൂനിറ്റ് പ്രസിഡന്റ് ടി.എ. റഷീദ്, സെക്രട്ടറി എസ്. ബിൻയാമിൻ, പ്രോഗ്രാം കൺവീനർ എസ്. മുനീർഖാൻ എന്നിവർ സംബന്ധിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി യൂനിറ്റ് തലങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളും പരിപാടികളും സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി യൂനിറ്റുകളിൽ കുടുംബസംഗമവും പൊതുപരിപാടികളുമുണ്ടാകും. 2023 മേയ് ഒന്നിനാണ് ആഘോഷ പരിപാടികളുടെ സമാപനം.
മേയ് ഒന്നിന് കോഴിക്കോട്ട് നടക്കുന്ന പൊതുപരിപാടിയിലും കുടുംബസംഗമത്തിലും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 101 പേരടങ്ങുന്ന വിപുലമായ ആഘോഷ കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. മാധ്യമം ലേ ഔട്ട് ആർട്ടിസ്റ്റ് കെൻസ് ഹാരിസാണ് ലോഗോ രൂപകൽപന ചെയ്തത്.

