ചരിത്ര സ്‌മരണയിൽ ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനാഘോഷത്തിന് തുടക്കമായി
text_fieldsകൊച്ചി: ഭരണഘടനാനിർമാണ സഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായ ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനാഘോഷത്തിനു തുടക്കം. ആഘോഷത്തിന് മുന്നോടിയായി ഏകദിന ചലച്ചിത്രമേള എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്‌തു.
ജീവിതത്തിന്റെ സമസ്തഭാവങ്ങളും പ്രതിഫലിപ്പിക്കുകയും കാലത്തെ വീണ്ടെടുക്കുകയും ചെയ്യുന്ന കലാരംഗമാണ് ചലച്ചിത്രമെന്ന് ഷാജി എൻ കരുൺ പറഞ്ഞു. ചരിത്ര വനിതയായ ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷ വേളയിൽ അതുകൊണ്ടുതന്നെ ചലച്ചിത്രമേള ഏറെ പ്രസക്തമാണ്. മൂല്യങ്ങളുടെ ഏകോപനമാണ് ചലച്ചിത്രം. ചരിത്രവും സംസ്‌കാരവും രാഷ്ട്രീയയവുമെല്ലാം ഉൾച്ചേർന്ന സിനിമ സമകാലീനാവസ്ഥയുടെ വിലയിരുത്തലിൽ അത്യന്തം പ്രസക്തമാണെന്നും ഷാജി എൻ. കരുൺ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത പലവിധ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ദാക്ഷായണി വേലായുധന്റെ ദീപ്‌ത സ്‌മരണയും ഉദ്ബോധനങ്ങളും ചെറുത്തുനിൽപ്പിനും നേരായ ദിശ കണ്ടെത്തുന്നതിനും പ്രചോദനവും മാർഗദർശനവും നൽകുന്നതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.
ദാക്ഷായണി വേലായുധൻ എന്ന അദ്‌ഭുത വനിതയെക്കുറിച്ച് ചരിത്ര ആഖ്യാനപരമായ ദൃശ്യഭാഷ്യമുണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച നാടക - സിനിമ പ്രവർത്തകൻ ഡോ:ചന്ദ്രദാസൻ പറഞ്ഞു.
സംവിധായികമാരായ കെ.ജെ ജീവ, വിദ്യാമുകുന്ദൻ, എഫ്.എഫ്.എസ്.ഐ അംഗം ജ്യോതി നാരായണൻ, മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് അക്ബർ, ഷാജി ജോർജ് പ്രണത, ജന്മദിനാഘോഷ സ്വാഗത സംഘം ചെയർമാൻ എ.പി പ്രനിൽ, ജിഡ കൗൺസിൽ അംഗം കെ.കെ ജയരാജ്, ഫിലിം ഫെസ്റ്റിവൽ കോ ഓഡിനേറ്റർ പി.കെ സുനിൽനാഥ്, കമ്മിറ്റി അംഗം കബനി വിനോദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭാരത് ഭവൻ തയാറാക്കിയ 'ദാക്ഷായണി വേലായുധൻ' ഹ്രസ്വ ചിത്രവും പ്രശസ്‌ത സിനിമകളും പ്രദർശിപ്പിച്ചു. ഓരോ സിനിമയെക്കുറിച്ചും പ്രമുഖർ പങ്കെടുത്ത ചർച്ചകളും നടന്നു. ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷം ചൊവ്വാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

