11 വർഷത്തെ ദുരൂഹത നീങ്ങി; യുവതിയെയും മകളെയും കാമുകൻ കടലിൽ തള്ളി കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു
text_fieldsതിരുവനന്തപുരം: 11 വർഷം മുമ്പ് തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും രണ്ടര വയസ്സുകാരിയായ മകളെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് കൊലപാതകം നടത്തിയത്. പിറകിൽനിന്ന് കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്ന ഇയാളുടെ ഭാര്യ റുഖിയയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യേക പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങിയിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ പലതവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ ഇയാൾ വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14ന് വിദ്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്ന് മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതിനെ ചൊല്ലി ഇരുവരും തർക്കമായി. 2011 ആഗസ്ത് 18ന് വൈകീട്ട് വിദ്യയെയും മകളെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കിൽ പോയിരുന്നു. അതിന് ശേഷം ഇരുവരെയും ആരും കണ്ടിട്ടില്ല.
കാണാതായി നാലാം ദിവസം വിദ്യയുടെ മാതാപിതാക്കൾ മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്‍റെ വീട്ടിലാക്കിയെന്നായിരുന്നു ഇയാൾ പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ ഇയാളെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങൾക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു. വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെക്കുകയായിരുന്നു. മകളെ കാണാതായ ദുഃഖത്തില്‍ ജയചന്ദ്രൻ കഴിഞ്ഞ വര്‍ഷം തൂങ്ങി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

