Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനഞ്ചാം കേരള...

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം അവസാനിച്ചു

text_fields
bookmark_border
kerala assembly 89789
cancel

തിരുവനന്തപുരം: ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് കൂടി ആരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം അവസാനിച്ചു. ആകെ 11 ദിവസമാണ് സഭ സമ്മേളിച്ചത്. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച ജനുവരി 29, 30, 31 തീയതികളില്‍ നടന്നു.

2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് ഫെബ്രുവരി 5-ാം തീയതി ബഹുമാനപ്പെട്ട ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കുകയും ഫെബ്രുവരി 12, 13, 14 എന്നീ തീയതികളിലായി ബഡ്ജറ്റിന്മേലുള്ള പൊതുചര്‍ച്ച പൂര്‍ത്തീകരിക്കുകയും ചെയ്തു. 2023-24 വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും വോട്ട് ഓണ്‍ അക്കൗണ്ട് സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഇന്നലെയും ഇന്നുമായി പൂര്‍ത്തീകരിച്ച് അതുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുകള്‍ സഭ പാസാക്കുകയുണ്ടായി.

2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ സഭ പാസ്സാക്കുകയുണ്ടായി. പ്രസ്തുത ബില്ലുകള്‍ക്ക് ജനറല്‍ അമെന്റ്മെന്റ്സ് ഉള്‍പ്പെടെ ആകെ 2410 ഭേദഗതി നോട്ടീസുകളാണ് ലഭ്യമായത്. അവയില്‍ 1766 നോട്ടീസുകള്‍ അംഗങ്ങള്‍ ബില്ലിന്റെ വകുപ്പുകള്‍ക്ക് നല്‍കിയ ഭേദഗതി നോട്ടീസുകളായിരുന്നു. ബില്ലുകളുടെ പരിഗണനാവേളയില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയ ഇരുപതോളം ഭേദഗതികള്‍ ബന്ധപ്പെട്ട മന്ത്രി സ്വീകരിക്കുകയുണ്ടായി.

ഈ സമ്മേളനകാലത്ത് ചട്ടം 50 പ്രകാരമുള്ള 7 നോട്ടീസുകളാണ് സഭ മുമ്പാകെ വന്നത്. അതില്‍ ജനുവരി 30-ാം തീയതി സഭ മുമ്പാകെ വന്ന സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നോട്ടീസ് സഭ പരിഗണിക്കുകയും അതിന്മേല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതോടെ മൊത്തം 7 നോട്ടീസുകളിന്മേല്‍ ചര്‍ച്ച ചെയ്തു കൊണ്ട് ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത റെക്കോര്‍ഡ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പതിനഞ്ചാം കേരള നിയമസഭക്ക് കൈവന്നിരിക്കുകയാണ്. പതിനാലാം കേരള നിയമസഭയുടെ 5 വര്‍ഷക്കാലയളവിനിടയില്‍ ആകെ 6 അടിയന്തര പ്രമേയങ്ങളാണ് സഭ ചര്‍ച്ച ചെയ്തത്. ഒന്നാം കേരള നിയമസഭ മുതല്‍ നാളിതുവരെ 37 അടിയന്തര പ്രമേയ നോട്ടീസുകളാണ് സഭ ചര്‍ച്ച ചെയ്തത്. അതില്‍ മൂന്നിലൊന്നും പതിന്നാല്, പതിനഞ്ച് കേരള നിയമസഭകളിലാണെന്നത് ശ്രദ്ധേയമാണ്. വിവിധ ജനകീയ പ്രശ്നങ്ങളിന്മേലുള്ള 16 ശ്രദ്ധക്ഷണിക്കലുകളും 99 സബ്മിഷനുകളും ഈ സമ്മേളന കാലത്ത് സഭാനടപടികളെ സജീവമാക്കി.

പത്താം സമ്മേളനത്തില്‍ 2024 ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയുള്ള 9 ചോദ്യ ദിവസങ്ങളില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 3914 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 26 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 18 എണ്ണം പിന്‍വലിക്കുകയും ചെയ്തു. ശേഷിച്ചവയില്‍ 270 എണ്ണം നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 3600 എണ്ണം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 3870 ചോദ്യങ്ങള്‍ അച്ചടിക്കുകയും ആയതില്‍ മുപ്പതാം തീയതിയിലെ ഒരു ചോദ്യം പിന്‍വലിക്കുകയും ചെയ്തു. ഇതില്‍ നക്ഷത്രചിഹ്നമിട്ട 270 ചോദ്യങ്ങള്‍ക്കും നക്ഷത്രചിഹ്നമിടാത്ത 3243 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഈ സമ്മേളന കാലത്തുതന്നെ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്.

ചോദ്യോത്തരവേളകളില്‍ 40 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. 221 അവസരങ്ങളിലായി 254 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയും മന്ത്രിമാര്‍ അവക്ക് മറുപടി നല്‍കുകയും ചെയ്തു.

വിവിധ സമ്മേളനങ്ങളിലെ നക്ഷത്രചിഹ്നമിടാത്ത 4 ചോദ്യങ്ങളുടെ ഉത്തരത്തിലെ തെറ്റ് തിരുത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ ഈ സമ്മേളനത്തില്‍ സഭയില്‍ സമര്‍പ്പിക്കുകയുണ്ടായി. ഈ സമ്മേളനത്തിലെ ചോദ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം ചോദ്യങ്ങള്‍ക്കും മറുപടി ലഭ്യമാക്കാന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏതാനും മറുപടികള്‍ കൂടി ലഭ്യമാക്കാനുണ്ടെന്നാണ് കാണുന്നത്. ചോദ്യങ്ങള്‍ക്ക് ചട്ടം അനുശാസിക്കുംവിധം യഥാസമയം മറുപടി നല്‍കുന്നത് സംബന്ധിച്ച് സമ്മേളനക്കാലയളവില്‍ ചെയര്‍ റൂള്‍ ചെയ്യുകയുണ്ടായി.

പത്താം സമ്മേളനകാലത്ത് 3 സി & എജി റിപ്പോര്‍ട്ട് ഉള്‍പ്പെടെ 640 രേഖകള്‍ സഭയുടെ മേശപ്പുറത്തുവക്കുകയും വിവിധ നിയമസഭാ സമിതികളുടെ 42 റിപ്പോര്‍ട്ടുകള്‍ സഭ മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കായികനയം സംബന്ധിച്ച് ബഹുമാനപ്പെട്ട ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർഥാടന വകുപ്പുമന്ത്രി ചട്ടം 300 അനുസരിച്ച് ഒരു പ്രസ്താവന നടത്തുകയുണ്ടായി. സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറക്കുകയും ഗ്രാന്റുകള്‍ തടഞ്ഞുവക്കുകയും ചെയ്യുന്ന സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്നതും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തടയുവാന്‍ നിലവിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതുമായ രണ്ട് ഗവണ്മെന്റ് പ്രമേയങ്ങള്‍ ചട്ടം 118 പ്രകാരം യഥാക്രമം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പുമന്ത്രിയും ബഹുമാനപ്പെട്ട വനം-വന്യജീവി വകുപ്പുമന്ത്രിയും സഭയില്‍ അവതരിപ്പിക്കുകയും സഭ ഐകകണ്ഠേന പാസ്സാക്കുകയുമുണ്ടായി. അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി ഒരു വെള്ളിയാഴ്ച നീക്കിവച്ചെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നത് പോരായ്മയായി ചെയര്‍ വിലയിരുത്തുന്നു.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പുമന്ത്രി അദ്ധ്യക്ഷനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ ചട്ടങ്ങള്‍ സംബന്ധിച്ച സമിതി വിശദമായി പരിശോധിക്കുകയും അംഗങ്ങള്‍ നല്‍കിയ ഭേദഗതികളടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫെബ്രവരി 14ന് സഭ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. പ്രസ്തുത ഭേദഗതികള്‍ കൂടി നിലവില്‍ വരുന്നതോടുകൂടി നമ്മുടെ സഭാചട്ടങ്ങള്‍ കൂടുതല്‍ ചലനാത്മകമാവുമെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം.

2023 നവംബര്‍ 1 മുതല്‍ 7 വരെ സംഘടിപ്പിച്ച നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് ഒന്നാം പതിപ്പിനെക്കാള്‍ മികച്ച നിലയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. നേരത്തെയുള്ളതിനേക്കാള്‍ ഇരട്ടിയിലേറെ പുസ്തക സ്റ്റാളുകള്‍ ഒരുക്കുന്നതിനും ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള പ്രസാധകരെ പങ്കാളികളാക്കുന്നതിനും നോബല്‍ സമ്മാനജേതാവായ കൈലാഷ് സത്യാർഥി അടക്കം സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിക്കുന്നതിനും സാധിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന പുസ്തകോത്സവം സംസ്ഥാനമൊട്ടാകെയുള്ള മലയാളികളുടെ അക്ഷരോത്സവമായി മാറുകയുണ്ടായി. പുസ്തകോത്സവത്തിന്റെ വിജയത്തിനായി സഹകരിച്ച ഈ സഭയിലെ എല്ലാ അംഗങ്ങളോടുമുള്ള ചെയറിന്റെ നന്ദികൂടി ഈ അവസരത്തില്‍ അറിയിക്കുകയാണ്.

നിയമസഭ സാമാജികരുടെ വാസസ്ഥലത്തെ പമ്പാ ബ്ലോക്ക് പുനര്‍നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ ഫ്ലാറ്റ് സമുച്ചയം നിശ്ചിത സമയത്തിനു മുമ്പുതന്നെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024-25 വര്‍ഷത്തെ ബഡ്ജറ്റിന്മേലുള്ള ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധനക്കായി വിവിധ സബ്ജക്ട് കമ്മിറ്റികള്‍ ഈ മാസം 21 മുതല്‍ ഏപ്രില്‍ 6 വരെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം ഓരോ ഡിമാന്റും വിശദമായി പരിഗണിച്ച് പാസാക്കുന്നതിലേക്കായി സഭയുടെ സമ്പൂര്‍ണ ബഡ്ജറ്റ് സമ്മേളനം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ചേരേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Assembly
News Summary - The 10th session of the 15th Kerala Legislative Assembly has ended
Next Story