സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം ഫെബ്രുവരി നാലിന്
text_fieldsകാസർകോട്: ‘ആദർശ വിശുദ്ധി നൂറ്റാണ്ടിലൂടെ’ പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം ഫെബ്രുവരി നാലിന് തുടങ്ങും. നാലിന് ഉച്ചക്ക് 2.30ന് തളങ്കരയില്‍നിന്ന് സമ്മേളന നഗരിയിലേക്ക് റൂട്ട് മാര്‍ച്ച് നടക്കും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം കുണിയ ഗ്രൂപ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജിക്ക് നൽകി പ്രകാശനം ചെയ്യും.
ഫെബ്രുവരി അഞ്ചിന് 10,000 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ്. ആത്മീയ സംഗമം നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആറിന് ഉച്ചക്ക് 2.30ന് ജന്‍സി അസംബ്ലി മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് 33,313 പേർ പങ്കെടുക്കുന്ന പഠന ക്യാമ്പ് ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി എട്ടിന് രാവിലെ 11.30ന് സനാഈ ബിരുദദാനവും ക്യാമ്പ് സമാപനവും അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് പ്രവാസി സംഗമം സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് ഗ്ലോബല്‍ ഉലമ സമ്മിറ്റ് നടക്കും. വൈകീട്ട് നാലിന് സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ സർവകലാശാല റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും.
സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിക്ക് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ. ഹാരിസ് എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്തസമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, സമ്മേളന കോഓഡിനേറ്റര്‍ കെ. മോയിന്‍കുട്ടി, ട്രഷറര്‍ കുണിയ ഇബ്രാഹിം ഹാജി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

