കാട്ടാനയുടെ നെറ്റിയിലെ പരിക്ക് വെടിയേറ്റിട്ടെന്ന്; നിഷേധിച്ച് വനം വകുപ്പ്
text_fieldsപ്ലാന്റേഷൻ മേഖലയിൽ കണ്ടെത്തിയ തലയിൽ മുറിവേറ്റ പാടുള്ള കാട്ടാന
അതിരപ്പിള്ളി: പ്ലാന്റേഷൻ മേഖലയിൽ കണ്ടെത്തിയ കാട്ടാനയുടെ മസ്തകത്തിലെ പരിക്ക് വേട്ടക്കാരുടെ വെടിയേറ്റിട്ടെന്ന് ആരോപണം. എന്നാൽ, അങ്ങനെയല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ദിവസം പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടത്തിൽ ഈ ആന പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം ഉയർന്നത്. മസ്തകത്തിൽ അടുത്തടുത്തായി രണ്ട് അടയാളങ്ങൾ കാണാമായിരുന്നു. ഒന്ന് ചെറുതും മറ്റൊന്ന് വലുതും. വലിയ മുറിവിലേക്ക് ആന തുമ്പിക്കൈകൊണ്ട് മണ്ണ് വാരിത്തേക്കുന്നത് കണ്ടിരുന്നു. പിന്നീട് ആന പുഴയിലേക്ക് ഇറങ്ങിപ്പോയി.
കുറച്ചു നാളുകളായി മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ കാണുന്നതായി പറയപ്പെടുന്നുണ്ട്. ഇത് മലയാറ്റൂർ ഡിവിഷൻ മേഖലയിൽനിന്നെത്തിയതാണെന്ന് കരുതുന്നു. അതിരപ്പിള്ളി, വാഴച്ചാൽ, ഏഴാറ്റുമുഖം ഭാഗത്തെല്ലാം ശിരസ്സിലെ മുറിവുമായി കാട്ടാന അലഞ്ഞിരുന്നു. തലയിൽ പഴുപ്പുകയറി ഇത് ചത്തുവീഴുമെന്ന് ആശങ്കയുണ്ട്. ഇതിനെ വേട്ടക്കാർ ആരോ അപായപ്പെടുത്തിയതാവാമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നുമാണ് ആവശ്യം.
അതേസമയം, ഈ ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് വനംവകുപ്പ് അധികാരികൾ പറയുന്നത്. മസ്തകത്തിൽ പരിക്കുമായി നടക്കുന്ന കാട്ടാന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ പെട്ടിരുന്നു.
ഇപ്പോഴും നിരീക്ഷണം നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ അതിന് ആവശ്യമായ ചികിത്സ നൽകും. ആനയുടെ മസ്തകത്തിലേറ്റ പരിക്ക് കാട്ടാനകൾ തമ്മിൽ കുത്തുകൂടിയപ്പോഴോ മരം കുത്തിമറിച്ചിടാനുള്ള ശ്രമത്തിൽ കമ്പുകൊണ്ടോ സംഭവിച്ചതായിരിക്കാമെന്നാണ് വനപാലകരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

