വിദ്യാർഥിനികളെ കാണാതായ സംഭവം: പൊലീസ് വീണ്ടും മുംബൈയിലേക്ക്
text_fieldsതാനൂർ: താനൂരിൽനിന്ന് വിദ്യാർഥിനികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിനായി അന്വേഷണസംഘം വീണ്ടും മുംബൈയിലേക്ക് പോകും. വിദ്യാർഥിനികൾ സന്ദർശിച്ച ബ്യൂട്ടി പാർലറിനെക്കുറിച്ചും അവിടെ ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയും സമഗ്രമായി അന്വേഷിക്കുകയാണ് ലക്ഷ്യം. കെയർ ഹോമിൽ കഴിയുന്ന പെൺകുട്ടികളെ ഞായറാഴ്ച തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. ഇവർ കൂടുതൽ കാര്യങ്ങൾ പറയാത്തത് കാര്യങ്ങൾ വ്യക്തമാകാൻ തടസ്സമാകുന്നുണ്ട്. കൈവശമുണ്ടായിരുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും വ്യക്തതയുണ്ടായിട്ടില്ല. രക്ഷിതാക്കളിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നതിൽ എന്തെങ്കിലും പ്രയാസമോ പരിഭ്രമമോ വിദ്യാർഥിനികൾക്കില്ല. രക്ഷിതാക്കൾക്ക് വിട്ടുനൽകുന്നതിനു മുമ്പായി അവർക്കും കൗൺസലിങ് നടത്തും.
അതിനിടെ വിദ്യാർഥിനികളെ കൊണ്ടുപോയ കേസിൽ അറസ്റ്റിലായ എടവണ്ണ സ്വദേശി അക്ബർ റഹീമിനെ 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലേക്ക് ഉടൻ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കുട്ടികളുമായി നാലു മാസം മുമ്പ് മാത്രം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടുതൽ അടുക്കുകയായിരുന്നെന്നാണ് ഇവർ തമ്മിൽ കൈമാറിയ ഫോട്ടോകളും ചാറ്റുകളും വ്യക്തമാക്കുന്നത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നുതന്നെയാണ് ഇപ്പോഴും പൊലീസിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

