പത്താം ക്ലാസ് വിദ്യാർഥിയുടെ മരണം: വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും; ഏറെ ദുഖകരമായ സംഭവമെന്ന് മന്ത്രി വി. ശിവൻകുട്ടി
text_fieldsതാമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്‍റെ മരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും. വിദ്യാർഥിയുടെ മരണം ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട് താമരശ്ശേരി പൊലീസ്. കുറ്റാരോപിതരായ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കാനും നിർദേശം നൽകി.
കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വെള്ളിയാഴ്ച വൈകീട്ട് രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. നഞ്ചക്ക് പോലുള്ള ആയുധം ഉപയോഗിച്ചാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. തലക്ക് സാരമായി പരിക്കേറ്റ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. താമരശ്ശേരി ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ വട്ടോളി എം.ജെ ഹൈസ്‌കൂളിലെ വിദ്യാർഥികളുടെ ഡാൻസിനിടെ പാട്ട് നിലച്ചപ്പോൾ താമരശ്ശേരി ഗവ. ഹൈസ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വിദ്യാർഥികൾ തമ്മിൽ വാക്കേറ്റത്തിന് കാരണമായി.
അധ്യാപകർ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. പിന്നീട് എം.ജെ ഹൈസ്‌കൂൾ വിദ്യാർഥികൾ വാട്സ്ആപ് ഗ്രൂപ് വഴി സന്ദേശത്തിൽ വ്യാഴാഴ്‌ച വൈകീട്ട് വിദ്യാർഥികളോട് താമരശ്ശേരി വെഴുപ്പൂർ റോഡിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നുവത്രെ. പത്തിലധികം വിദ്യാർഥികൾ സംഘടിച്ചെത്തുകയും താമരശ്ശേരി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

