ഞായറാഴ്ച ലോറി, തിങ്കളാഴ്ച ബസ്; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്കൊഴിയാതെ യാത്രക്കാരുടെ ദുരിതം
text_fieldsകോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ചുരത്തിലെ ആറാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയതോടെ ചുരം റോഡിൽ രൂക്ഷമായ ഗതാഗത തടസ്സമാണുള്ളത്. ചെറുവാഹനങ്ങൾ മാത്രം നിലവിൽ ഒരു വരിയായി ആറാം വളവിലൂടെ കടന്നുപോകുന്നുണ്ട്. നിരവധി ദീർഘദൂര ബസുകളും ചരക്കുവണ്ടികളും വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. രാവിലെ 7.15ന് ചുരം കയറുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് യന്ത്രത്തകരാർ സംഭവിക്കുകയും ആറാം വളവിൽ കുടുങ്ങുകയുമായിരുന്നു.
ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായതിനാൽ ചുരത്തിൽ രാവിലെ തന്നെ നിരവധി വാഹനങ്ങളുണ്ടായിരുന്നു. ബസ് കുടുങ്ങിയതിനാൽ ചെറുവാഹനങ്ങളാണ് കടത്തിവിട്ടത്. ഒമ്പതു മണിയോടെ ചുരത്തിലെ ഗതാഗതക്കുരുക്ക് അടിവാരം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തുനിന്ന ശേഷവും ഫലമില്ലാത്തതിനെ തുടർന്ന് ചില യാത്രക്കാർ ബസുകളിൽനിന്ന് ഇറങ്ങി കാൽനടയായി യാത്ര തുടർന്നു. ചുരം വഴി നടന്നുപോകുന്ന യാത്രക്കാർ മറ്റു ചെറിയ വാഹനങ്ങൾക്ക് കൈകാണിച്ച് കയറിയും മറ്റുമാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ ശ്രമിച്ചത്.
ആറ്, ഏഴ്, എട്ട് വളവുകളിൽ ചുരത്തിന്റെ വീതികൂട്ടൽ പണികളും നടക്കുന്നതിനാൽ റോഡിൽ നിലനിൽക്കുന്ന അനുബന്ധമായ തടസ്സങ്ങൾക്കൊപ്പമാണ് കെ.എസ്.ആർ.ടി.സി ബസും കുടുങ്ങി ഗതാഗതതടസ്സം ഉണ്ടായത്. യന്ത്രത്തകരാർ പരിഹരിക്കാനായില്ലെങ്കിൽ ക്രെയിൻ ഉപയോഗിച്ച് ബസ് നിരത്തുവക്കിലേക്കു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഉച്ചകഴിഞ്ഞു ഗതാഗതം പൂർവസ്ഥിതിയിലാകുകയുള്ളൂ എന്നാണു ലഭിക്കുന്ന സൂചന. അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ചു യാത്ര തിരിക്കുകയോ ബദൽ പാതകൾ ഉപയോഗിക്കുകയോ ചെയ്യണമെന്ന് ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ പറഞ്ഞു.
ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഞായറാഴ്ചയും അഞ്ച്, ആറ് വളവുകളിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിൽ ചുരം കയറാനെത്തി ആറാം വളവിൽ കുടുങ്ങിയ ലോറിയിൽ മതിയായ ഇന്ധനം നിറച്ചിരുന്നില്ലെന്നു കണ്ടെത്തി പിഴയും ചുമത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ചുരത്തിൽ ഗതാഗതം സാധാരണ നിലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

