ഷഹബാസിന്റെ തലയോട്ടി തകർത്ത നഞ്ചക്ക് പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു
text_fieldsതാമരശ്ശേരി (കോഴിക്കോട്): താമരശ്ശേരിയില്‍ വിദ്യാര്‍ഥി സംഘട്ടനത്തിൽ പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസിൽ പിടിയിലായ അഞ്ചുവിദ്യാർഥികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ഒരാളുടെ വീട്ടിൽനിന്ന് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന നെഞ്ചക്ക് കണ്ടെടുത്തു. ഇവരുടെ വീടുകളിൽനിന്ന് നാല് ഫോണുകളും ഒരുലാപ്ടോപ്പും പിടിച്ചെടുത്തു. കേസിലെ പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ടി.പി വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ഇയാളുടെ വീട്ടിൽനിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചിരുന്ന നെഞ്ചക്കും പൊലീസ് കണ്ടെടുത്തത്. മകന്റെ കൈവശം നെഞ്ചക്ക് കൊടുത്തുവിട്ടത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തില്‍ മുതിര്‍ന്നവരുടെ പങ്കുണ്ടോയെന്നും ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടലുണ്ടോയെന്നും അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി കെ. സുശീർ പറഞ്ഞു. പിടിയിലായ മൂന്നുപേർ മുമ്പും സ്കൂളിൽ നടന്ന ആക്രമണ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവരുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. നെഞ്ചക്ക് ആയിരിക്കാം ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് തുടക്കത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഷഹബാസിനെ മർദിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ വിദ്യാർഥികൾ വെള്ളിമാട്കുന്നിലെ ഒബ്സർവേഷൻ ഹോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

